ആപ്പിളിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ ആക്സസറിയായ ‘ഐഫോൺ പോക്കറ്റ്’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. 149.95 ഡോളർ അതായത് ഏകദേശം 12,500 രൂപ, 229.95 ഡോളർ ഏകദേശം 19,000 രൂപ എന്നിങ്ങനെ വില വരുന്ന ഈ ഉൽപ്പന്നത്തെ പലരും ‘സോക്ക് പോലെയുള്ള ക്രോസ് ബോഡി ബാഗ്’ എന്ന് വിളിച്ചും ട്രോളുകൾ പങ്കുവെച്ചും പരിഹസിക്കുകയാണ്.
ഐഫോൺ പോക്കറ്റിന്റെ വിലയെ ചൊല്ലിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാനമായും വിമർശനം ഉയരുന്നത്. “ഈ സോക്കിന് അല്ലെങ്കിൽ ‘ഐഫോൺ പോക്കറ്റിന്’ 230 ഡോളറാണ് വില,” “മുറിച്ചെടുത്ത ഒരു സോക്കിന് 230 ഡോളർ. ആപ്പിളിന്റെ ഉൽപ്പന്നമാണെങ്കിൽ എന്ത് വില കൊടുത്തും ആളുകൾ വാങ്ങും,” എന്നിങ്ങനെയാണ് ചില ഉപയോക്താക്കളുടെ പ്രതികരണങ്ങൾ. “ഐഫോൺ പോക്കറ്റിന് 150 ഡോളർ; നിങ്ങളുടെ ജിം സോക്കിന് 0.15 ഡോളർ” എന്നുള്ള വില താരതമ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജാപ്പനീസ് ഫാഷൻ ഹൗസായ ഇസ്സേ മിയാക്കെ (ISSEY MIYAKE) യുമായി ചേർന്നാണ് ആപ്പിൾ ഈ ആക്സസറി പുറത്തിറക്കിയത്. ഏത് ഐഫോണിലും ഉപയോഗിക്കാൻ കഴിയുന്ന, ഒറ്റ 3D-നിറ്റഡ് നിർമ്മിതിയുള്ള ഉൽപ്പന്നമാണിത്. “ഒരു തുണിയുടെ ആശയം” എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജപ്പാനിൽ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും, ഐഫോണും ഉപയോക്താവും തമ്മിലുള്ള ബന്ധത്തെയാണ് ഈ ഡിസൈൻ സൂചിപ്പിക്കുന്നതെന്നും മിയാക്കെ ഡിസൈൻ സ്റ്റുഡിയോയുടെ ഡയറക്ടർ യോഷിയുകി മിയാമയെ പറഞ്ഞു.
ചെറിയ സ്ട്രാപ്പും (Short Strap) നീളമുള്ള സ്ട്രാപ്പും (Long Strap) ഉള്ള രണ്ട് പതിപ്പുകളിലാണ് ഐഫോൺ പോക്കറ്റ് ലഭ്യമാകുക. ചെറിയ സ്ട്രാപ്പ് എട്ട് നിറങ്ങളിലും നീളമുള്ള സ്ട്രാപ്പ് മൂന്ന് നിറങ്ങളിലും ലഭ്യമാണ്. നവംബർ 14 വെള്ളിയാഴ്ച മുതൽ യുഎസിലെ തിരഞ്ഞെടുത്ത ആപ്പിൾ സ്റ്റോറുകളിലും, ഫ്രാൻസ് , ചൈന , ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ apple.com വഴിയും ഉൽപ്പന്നം വിൽപ്പനയ്ക്ക് എത്തും.
















