കോന്നി: കോന്നി സെൻട്രൽ ജംക്ഷനിൽ വാഹനമിടിച്ച് ചരിഞ്ഞ സിഗ്നൽ ലൈറ്റ് ഒരു വർഷം പിന്നിട്ടിട്ടും പുതുക്കി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന പാതയിലെ നടപ്പാതയ്ക്കരികിൽ കാൽനടക്കാർക്കു വഴിമുട്ടായി തൂൺ ഒടിഞ്ഞു ചരിഞ്ഞ നിലയിലാണ്.
2024 ഓഗസ്റ്റിൽ രാത്രി സമയത്താണ് തടി ലോറി നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ സിഗ്നൽ ലൈറ്റിന്റെ തൂൺ ഒടിഞ്ഞ് ചാഞ്ഞത്. ലോറി പിന്നീട് മറിയുകയും ചെയ്തിരുന്നു. അപകടശേഷം തൂൺ താൽക്കാലികമായി നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സംസ്ഥാനപാതയുടെ വികസനം പൂർത്തിയായതോടെ സെൻട്രൽ ജംക്ഷനിലൂടെ ഇപ്പോൾ അമിതവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുകയാണ്. ഇതുവഴി കാൽനടക്കാർക്ക് സുരക്ഷിതമായി നടന്നു പോകാനായി നടപ്പാത നിർമ്മിച്ചിരുന്നെങ്കിലും, ചരിഞ്ഞ തൂൺ നടപ്പാതയിലൂടെ നീങ്ങുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പാതയിലൂടെ നടക്കുമ്പോൾ യാത്രക്കാർ ടാറിങ്ങിലേക്ക് ഇറങ്ങി വീണ്ടും നടപ്പാതയിലേക്ക് കയറേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും തിരക്കേറിയ സമയങ്ങളിൽ അപകടസാധ്യത ഉയർന്നിട്ടുണ്ട്.
പ്രശ്നം പലവട്ടം താലൂക്ക് വികസന സമിതിയിലും പഞ്ചായത്തിലും ചർച്ചയായെങ്കിലും, ലൈറ്റ് പുനഃസ്ഥാപിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നതിൽ — മരാമത്ത് വകുപ്പ്, പഞ്ചായത്ത്, അല്ലെങ്കിൽ പൊലീസ് — വ്യക്തതയില്ലാതിരുന്നതാണ് പ്രധാന തടസം. ഒടുവിൽ ലൈറ്റിന്റെ ഉടമസ്ഥത പൊലീസ് വകുപ്പിനാണെന്ന് സഭയിൽ വ്യക്തമാക്കിയെങ്കിലും അതിനുശേഷവും പ്രവർത്തനമൊന്നും നടന്നിട്ടില്ല.
മണ്ഡലകാലം ആരംഭിക്കാൻ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കി. ഈ സമയത്ത് തീർഥാടക വാഹനങ്ങൾ ഉൾപ്പെടെ അനേകം വാഹനങ്ങൾ ഈ പാതയിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ, കാൽനടക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
















