ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിനെതിരായ റിമാൻ്റ് റിപ്പോർട്ട് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുകയും അന്വേഷണം ദേവസ്വം ബോർഡിൻ്റെ ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. എൻ. വാസു സ്വർണ്ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡിൻ്റെ അറിവോടെയാണെന്ന് റിമാൻ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണ്ണം പൂശിയ കട്ടിളപ്പാളിയായിരുന്നു ഇതെന്ന വിവരം വാസുവിന് അറിയാമായിരുന്നിട്ടും, സ്വർണ്ണം ചെമ്പാക്കി മാറ്റാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ.
സ്വർണ്ണം പൂശിയെന്ന നിർണായക പരാമർശം കമ്മീഷണർ മനഃപൂർവ്വം ഒഴിവാക്കി. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തുടർ തീരുമാനങ്ങൾ എടുത്തതെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടേതായി രേഖപ്പെടുത്തിയ മൊഴികൾ എൻ. വാസുവിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിമാൻ്റ് റിപ്പോർട്ട് കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റായിരുന്ന എ. പത്മകുമാറിനും കുരുക്കാകുമെന്നാണ് സൂചന.
മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിൻ്റെ അറസ്റ്റിന് പിന്നാലെ കേസിൻ്റെ അന്വേഷണം കൂടുതൽ ഉന്നതങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2019-ൽ എ. പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡിലെ മുഴുവൻ അംഗങ്ങളെയും നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി പത്മകുമാറിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അന്നത്തെ കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ അന്വേഷണ സംഘം പൂർത്തിയാക്കി വരികയാണ്. ഈ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരായ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ഇതിനു മുന്നോടിയായി ചില ഇടനിലക്കാരുടേയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
















