റിയാദ്: സൗദിയിൽ മഴയ്ക്കു വേണ്ടി രാജ്യ വ്യാപകമായി പ്രാർഥന നടത്തുവാൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തു. നാളെ (വ്യാഴം) പ്രാർഥന നടത്തുവാൻ ആണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആഹ്വാനം ചെയ്തത്. മഴ ആവശ്യമുള്ളപ്പോൾ ഇസ്തിസ്‌ക പ്രാർഥന നടത്തുക എന്നുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ സുന്നത്തിനെ പിൻതുടർന്ന് രാജകീയ ആഹ്വാന പ്രകാരം വാഴാഴ്ച രാജ്യമെങ്ങും ഇസ്തിസ്ക പ്രാർഥന നടത്തുന്നതിന് സമയക്രമം നിശ്ചയിച്ച് ഇസ്‌ലാമിക കാര്യ, ദവ്അ, ഗൈഡൻസ് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.
ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് പ്രാർഥന നടത്തണമെന്ന് മന്ത്രാലയം എല്ലായിടവുമുള്ള ശാഖകൾക്ക് നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും നിയുക്ത പള്ളികളിൽ ഇസ്തിസ്‌ക നമസ്കാരം നടത്തുന്നതിനുള്ള ഒരുക്കങ്ങളും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കി, പ്രാർഥന നിർവഹിക്കാനെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വേണ്ടുന്ന മുന്നൊരുക്കങ്ങളൊക്കെ നടത്തി പ്രാർഥന നടക്കുന്ന സ്ഥലങ്ങളെ സജ്ജമാക്കി കഴിഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ ആഹ്വാനപ്രകാരം രാജ്യത്തെ എല്ലാ മുസ്‌ലിങ്ങളും ഇസ്തിസ്‌ക (മഴ തേടൽ) പ്രാർഥന നിർവഹിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽഫൗസാൻ അഭ്യർഥിച്ചു. ഇസ്‌ലാമിൽ, സ്വലാത്തുൽ ഇസ്തിസ്ക എന്നത് രണ്ട് റക്അത്തുകൾ അടങ്ങുന്ന ഒരു സവിശേഷ പ്രാർഥനയാണ്, അതിൽ വിശ്വാസികൾ പശ്ചാത്തപിച്ച് ദൈവത്തോട് കാരുണ്യം, ആശ്വാസം, മഴ എന്നിവയ്ക്കായി അപേക്ഷിക്കുന്നു.
















