അന്താരാഷ്ട്ര ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്റർ മയാമി ടീമിനൊപ്പമുള്ള ഇന്ത്യൻ പര്യടനത്തിൽ മാറ്റം. കൊച്ചിയിൽ കാത്തിരുന്ന മലയാളി ആരാധകർക്ക് നിരാശയുണ്ടായെങ്കിലും, താരത്തെ കാണാനായി ഇനി ഹൈദരാബാദിലേക്ക് ടിക്കറ്റെടുക്കാം. ഡിസംബർ 13-ന് ആരംഭിക്കുന്ന ‘ഗോട്ട് ടൂറി’ന്റെ ഭാഗമായി മെസ്സിയും സഹതാരങ്ങളും നേരത്തെ നിശ്ചയിച്ച അഹമ്മദാബാദിന് പകരം ഹൈദരാബാദിലെത്തും.
ഇന്ത്യൻ പര്യടനത്തിന്റെ ഷെഡ്യൂൾ പ്രകാരം, മെസ്സിയും സംഘവും ഡിസംബർ 13-ന് കൊൽക്കത്തയിലെത്തിയ ശേഷം അതേ ദിവസം തന്നെ ഹൈദരാബാദിലേക്ക് തിരിക്കും. തുടർന്ന് ഡിസംബർ 14-ന് മുംബൈയിലും 15-ന് ന്യൂഡൽഹിയിലുമായാണ് മറ്റ് പരിപാടികൾ തീരുമാനിച്ചിട്ടുള്ളത്. മുംബൈ, ന്യൂഡൽഹി നഗരങ്ങളിലെ താരത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു.
ഹൈദരാബാദിലെ സന്ദർശനത്തിന്റെ മുഖ്യ ആകർഷണം ‘ഗോട്ട് കപ്പ്’ പ്രദർശന മത്സരമാണ്. മെസ്സിയോടൊപ്പം ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ടീം ഒരു സെലിബ്രിറ്റി ടീമുമായി ഏറ്റുമുട്ടും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പോലും മെസ്സിക്കെതിരെ ബൂട്ടണിഞ്ഞ് കളത്തിലിറങ്ങുമെന്നത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിക്കും. ഡിസംബർ 13-ന് ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലോ ഗച്ചിബൗളി സ്റ്റേഡിയത്തിലോ വെച്ചായിരിക്കും ഈ പ്രദർശന മത്സരം നടക്കുക.
ലോക താരത്തിന്റെ ഈ സന്ദർശനത്തെ തെലങ്കാന സർക്കാർ തങ്ങളുടെ ബ്രാൻഡ് നിർമ്മിതിക്കായുള്ള തന്ത്രപരമായ നീക്കമായി മാറ്റുകയാണ്. ടൂറിസം, കായികം, നിക്ഷേപം, വ്യവസായം എന്നീ മേഖലകളിൽ സംസ്ഥാനത്തിന്റെ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന ‘റൈസിങ് തെലങ്കാന 2047’ന്റെ അംബാസഡറായി മെസ്സിയെ ചടങ്ങിൽ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി മെസ്സി കൂടിക്കാഴ്ച നടത്തുകയും ഇതിന്റെ ഭാഗമായി ലോക താരത്തിന്റെ ഹൈദരാബാദ് സന്ദർശനത്തിന്റെ പോസ്റ്റർ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് പ്രകാശനം ചെയ്യുകയും ചെയ്തു.
















