കേരള യൂണിവേഴ്‌സിറ്റിയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന വിഷയത്തില്‍ സര്‍വ്വകലാശാലാ ക്യാമ്പസില്‍ ബി.ജെ.പി-എസ്.എഫ്.ഐ സംഘര്‍ഷം. കേരള സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം മേധാവി സി.എന്‍ വിജയകുമാരി പി.എച്ച്.ഡി വിദ്യാര്‍ഥി വിപിന്‍ വിജയനെയാണ് ജാതി അധിക്ഷേപം നടത്തിയത്. ഇതിനെതിരേ വലിയ വിവാദം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് ടീച്ചര്‍ക്ക് സംരക്ഷണവുമായി ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി. ടീച്ചറുടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നത് ഒരു ദളിത് സ്ത്രീയാണെന്ന് എത്രപേര്‍ക്കറിയാം എന്ന് പ്രസംഗിച്ചതോടെയാണ് എസ്.എഫ്.ഐക്കാര്‍ ഇടപെട്ടത്.
സര്‍വ്വകലാശാലയ്ക്കുള്ളില്‍ വന്ന് ജാതി അധിക്ഷേപം നടത്തിയാല്‍ കാലേവാരി ഭിത്തിയില്‍ ഒട്ടിക്കുമെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആക്രോശം. പരസ്പരം പോര്‍വിളികളും, വാക്കേറ്റവും നടത്തുന്നതിനിടെ പോലീസും എത്തി. എന്നാല്‍, രണ്ടു കൂട്ടരുടെയും ഇടപെടല്‍ ആത്മാര്‍ത്ഥത കൊണ്ടല്ലെന്നും, വെറും രാഷ്ട്രീയമാണെന്നുമാണ് ദളിത് സംഘടനകളുടെ വാദം. കഴിഞ്ഞ ദിവസം പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് വിപിന്‍ വിജയന്റെ പരാതി.
‘ നീ പുലയന്‍ അല്ലേ ആ വാല് തന്നെ ധാരാളം’ എന്ന് വിജയകുമാരി പറഞ്ഞു. വിപിന്‍ മുറിയില്‍ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയില്‍ വെള്ളം തളിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.
നിരന്തരമായി ജാതി വിവേചനം കാണിച്ചുവെന്നു കാട്ടി വി.സിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
സംസ്‌കൃതം വിഭാഗം ഡീനിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഡോ സി.എന്‍ വിജയകുമാരി ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും നടത്തിയെന്നാണ് പരാതി. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.
ഇതോടെയാണ് ബി.ജെ.പിയും യുവമോര്‍ച്ചയും എ.ബി.വി.പിയും ഡീനിന് സംരക്ഷണം ഒരുക്കാനുള്ള നീക്കവുമായി സര്‍വ്വകലാശാലാ ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി നേതാവിന്റെ ജാതി അധിക്ഷേപം വീണ്ടും ുണ്ടായെന്നാണ് എസ്.എപ്.ഐ പറയുന്നത്.
CONTNT HIGH LIGHTS; SFI says if caste is mentioned, skull will be pasted on the wall: BJP says Dalit woman is cooking food for teacher; Dalit organizations say both are just politics
















