തുറവൂർ: അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ മീഡിയൻ നിർമാണം പൂർത്തിയാകാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.
നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ഇരുമ്പ് ബാരിക്കേഡുകൾ നീക്കം ചെയ്തതോടെയാണ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ യുടേൺ എടുക്കുന്നത്, പിന്നിലെ വാഹനങ്ങൾക്കു നേരെ പെട്ടെന്ന് വഴിമാറൽ മൂലം അപകടങ്ങൾ വർധിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.
മൊത്തം 12.75 കിലോമീറ്റർ ദൈർഘ്യമുള്ള ഉയരപ്പാതയെ 5 റീച്ചുകളായി വിഭജിച്ച് നിർമാണം പുരോഗമിക്കുകയാണ്. ഇതിനകം ഏകദേശം 75 ശതമാനം പ്രവർത്തനവും പൂർത്തിയായി. റോഡിന്റെ മധ്യഭാഗത്ത് താൽക്കാലികമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ നീക്കം ചെയ്ത് വരികയാണെങ്കിലും, മീഡിയൻ പണികൾ ഇപ്പോഴും നിരവധി സ്ഥലങ്ങളിൽ തീരാനുണ്ട്.
മീഡിയൻ ഇല്ലാത്ത ഭാഗങ്ങളിൽ വാഹനങ്ങൾ പെട്ടെന്ന് മറുവശത്തേക്ക് തിരിയുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നതായി പൊലീസ് അധികൃതരും സ്ഥിരീകരിക്കുന്നു. യാത്രക്കാർ പറയുന്നു ;“മീഡിയൻ തീരാത്തിടങ്ങളിൽ അടിയന്തരമായി വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ താൽക്കാലിക ബാരിക്കേഡ് അല്ലെങ്കിൽ റിഫ്‌ളക്ടർ സംവിധാനം ഒരുക്കണം. അല്ലാത്തപക്ഷം ഏത് നിമിഷവും വലിയ അപകടങ്ങൾ സംഭവിക്കും.”
എന്നാൽ, ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാനായി അരൂർ പൊലീസിന്റെ നേതൃത്വത്തിൽ ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 30 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കുന്നുണ്ട്. അതിനാൽ വാഹനതടസം ഇപ്പോൾ ഇല്ലെങ്കിലും, മീഡിയൻ പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
















