നടൻ ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘കാന്ത’ യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ‘കാന്ത’ നവംബർ 14 ന് ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ, തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ വഴി സിനിമയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്.
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
തമിഴിലും തെലുങ്കിലും ആയി പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്.
















