ചെങ്ങന്നൂർ: ചെങ്ങന്നൂർ എംസി റോഡിലെ പ്രധാന കവലകളിൽ സീബ്രാവരകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാരെ വലയിക്കുന്നു. റോഡ് കുറുകെ കടക്കുന്നത് ഇപ്പോൾ അപകടസാഹസമായി മാറിയിരിക്കുകയാണ്.
നന്ദാവനം, ബഥേൽ തുടങ്ങിയ പ്രധാന കവലകളിൽ സീബ്രാവരകൾ പൂർണ്ണമായി മാഞ്ഞ നിലയിലാണ്. ശബരിമല തീർഥാടന സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, പതിനായിരക്കണക്കിന് തീർഥാടകർ നഗരത്തിലൂടെ കടന്നുപോകുമെന്നതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
വാഹനങ്ങൾ കുതിച്ചോടുന്ന സാഹചര്യത്തിൽ, വിദ്യാർഥികൾക്കും മുതിർന്നവർക്കും കാൽനട യാത്ര വലിയ വെല്ലുവിളിയായി. ഡ്രൈവർമാർക്ക് പലപ്പോഴും സീബ്രാവരകൾ കാണാനാകാത്തതിനാൽ വേഗം കുറയ്ക്കാതെയാണ് പലരും സഞ്ചരിക്കുന്നത്. “നഗരമധ്യത്തിൽ റോഡ് കടക്കാൻ പോലും പാടുപെടുന്നു. പ്രത്യേകിച്ച് കുട്ടികളോടൊപ്പം നടന്നു പോകുന്നവർക്ക് ഇത് അപകടകരമാണ്,” — യാത്രക്കാർ പറയുന്നു.
മണ്ഡലകാലത്ത് റോഡിലൂടെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി ഉയരുമെന്നതിനാൽ, ഇപ്പോഴത്തെ അവസ്ഥ തീർഥാടകരുടെ സുരക്ഷക്കും വലിയ വെല്ലുവിളിയാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂടുതലായെത്തുന്നതിനാൽ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാരുടെ അനാസ്ഥയും അപകടസാധ്യത കൂട്ടുന്നു.
പൊതു സമൂഹം ആവശ്യപ്പെടുന്നത്; നഗരമധ്യത്തിലെ പ്രധാന കവലകളിൽ അടിയന്തരമായി പുതിയ സീബ്രാവരകൾ വരച്ച് കാൽനട സുരക്ഷ ഉറപ്പാക്കണം.
















