ലൈംഗിക പീഡനക്കേസ് പ്രതിയുമായി സഹകരിച്ച സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ സോഷ്യൽ മീഡിയകളിൽ രൂക്ഷവിമർശനം.
പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററെ തന്റെ പുതിയ ഗാനമായ ‘ചിക്കിരി ചിക്കിരി’യിൽ സഹകരിപ്പിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
‘പെഡ്ഡി’ എന്ന സിനിമയുടെ റിക്കോർഡിങ്ങിനിടെ എ.ആർ.റഹ്മാനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ജാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘എ.ആര്‍.റഹ്മാന്‍ സാറിന്‍റെ പാട്ടുകള്‍ കണ്ട് അതിനൊപ്പം നൃത്തം ചെയ്തു വളര്‍ന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ അദ്ദേഹം സംഗീതം നൽകിയ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ സാധിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ’, ജാനി കുറിച്ചു.
പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ പലരും എ.ആർ.റഹ്മാനെതിരെ വിമർശനവുമായി രംഗത്തെത്തി. ലൈംഗിക പീഡനക്കേസിലെ പ്രതിയുമായി സഹകരിക്കുന്നത് എന്തിനാണെന്ന് ആരാധകർ ചോദിച്ചു. റഹ്മാനെ പോലെ ഒരാളിൽ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നും പലരും അഭിപ്രായപ്പെട്ടു. മുന്‍പ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ സ്ത്രീകൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് എ.ആര്‍.റഹ്മാൻ അദ്ദേഹവുമായി സഹകരിക്കുന്നത് നിർത്തിയതും ആളുകള്‍ ചൂണ്ടിക്കാട്ടി. എന്നാൽ സിനിമയിലെ ഗാനങ്ങൾ ആര് കൊറിയോഗ്രാഫി ചെയ്യണം എന്ന കാര്യത്തിൽ ഇടപെടുന്നതിൽ എ.ആർ.റഹ്മാന് പരിതികൾ ഉണ്ടെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
2024 സെപ്റ്റംബറിലാണ് ജാനിക്കെതിരെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ലൈംഗിക പീഡന കേസ് ഫയൽ ചെയ്യുന്നത്. 16 വയസ്സ് ഉള്ളപ്പോൾ മുതൽ ജാനി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഔട്ട്ഡോർ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
തുടര്‍ന്ന് പോക്സോ കുറ്റം ചുമത്തി ഗോവയിൽ വച്ച് ജാനി മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് ജാനി മാസ്റ്റര്‍ക്ക് ലഭിച്ച മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ അവാർഡ് തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ജാനി മാസ്റ്റർ തെലുങ്ക് ചലച്ചിത്രമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
















