യുഎസ്-സിറിയ ബന്ധത്തിൽ പുതിയ വഴിത്തിരിവ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തരയുദ്ധവും കടുത്ത ഉപരോധങ്ങളും കാരണം ദുരിതത്തിലായ രാജ്യത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്കിടെയാണ് സിറിയൻ പ്രസിഡന്റിന്റെ ഈ നിർണ്ണായക യുഎസ് സന്ദർശനം. ഇറാൻ പിന്തുണയുള്ള ബഷാർ അൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അശ്ശറാ അധികാരം ഏറ്റെടുത്തതോടെയാണ് സിറിയയോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം വന്നത്.
ട്രംപിന്റെ കൂടിക്കാഴ്ച സിറിയൻ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമാണ്. 1946-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഒരു സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്. ആറ് മാസം മുമ്പ് സൗദി അറേബ്യയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സിറിയൻ പ്രസിഡന്റിനെ ‘ശക്തനായ നേതാവ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ, മുൻപ് അൽ ഖായിദ ബന്ധത്തിന്റെ പേരിൽ അഹ്മദ് അശ്ശറായെ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
യുഎസ് സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചർച്ചകൾക്ക് പിന്നാലെ, സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ താത്കാലികമായി പിൻവലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. സിറിയയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി. ഉപരോധങ്ങൾ പൂർണമായി പിൻവലിക്കുന്നതിന് യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. സിറിയയിലെ പുതിയ ഭരണകൂടത്തിന് യുഎസ് നൽകുന്ന ശക്തമായ പിന്തുണയുടെ സൂചനയായി ഈ നീക്കത്തെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.
















