ഇരിട്ടി: ആറളം ഫാമിൽ കാട്ടുകൊമ്പൻ്റെ ആക്രമണത്തിൽ നിന്ന് ചെത്തുതൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് (ചെത്തുതൊഴിലാളി) ആണ് ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവം ചൊവ്വാഴ്ച പുലർച്ചെ 6.15 ഓടെ, ആറളം ഫാം ബ്ലോക്ക് ഒന്നിലാണ് നടന്നത്. ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു സംഭവം.
ആന റോഡ് മുറിച്ചുകടന്ന് പോയതിന് ശേഷം മൊബൈൽ ഓണാക്കി വിഡിയോ എടുത്തുകൊണ്ട് മുന്നോട്ട് പോകവേ സിനേഷിന് നേരെ ആന തിരിയുകയായിരുന്നു. ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി ബൈക്കിന് നേരെ പാഞ്ഞടുത്തു. സിനേഷ് അതിവേഗം ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു.
രണ്ട് വർഷം മുൻപും സിനേഷ് ആറളം ഫാമിലെ ബ്ലോക്ക് അഞ്ചിൽ ജോലി ചെയ്യുന്നതിനിടെ ആനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. അന്ന് കാട്ടാന ഏറെദൂരം പിന്തുടർന്നുവെന്നും സിനേഷ് പറഞ്ഞു.
ഫാമിനുള്ളിൽ കാട്ടാനകളുടെ സാന്നിധ്യം ആവർത്തിച്ചുവരുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു.
















