വിക്രം, ലിയോ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് പേരുകേട്ട തമിഴ് സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഡി.സി’. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാമിഖ ഖബ്ബിയാണ് നായികയായി എത്തുന്നത്. അഭിനയരംഗത്തേക്ക് കടക്കുന്ന ലോകേഷിന്റെ ആദ്യത്തെ പ്രതിഭലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ ടൈറ്റിൽ ടീസർ വലിയ ചർച്ചയായിരുന്നു. ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് ചിത്രത്തിൽ എത്തുന്നത്. ചന്ദ്ര എന്നാണ് വാമിഖ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്ത വർഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ലോകേഷ് കനകരാജ് വാങ്ങുന്നത് വമ്പൻ പ്രതിഫലമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ സംവിധായകനായി എത്തിയ രജനികാന്ത് ചിത്രത്തിന് 50 കോടിയായിരുന്നു ലോകേഷ് പ്രതിഫലം വാങ്ങിയത്. പുതിയ ചിത്രത്തിൽ നായകനായി എത്തുന്ന ലോകേഷ് ഡിസിയ്ക്കായി വാങ്ങുന്നത് 30- 35 കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ലോകേഷ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം കൂലിക്ക് വലിയ വിമർശനമായിരുന്നു ഒടിടിയിൽ അടക്കം നിറഞ്ഞുനിന്നത്. വമ്പൻ ബഡ്ജറ്റിൽ എത്തിയ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഉണ്ടായിരുന്നെങ്കിലും ആദ്യ ദിവസം തൊട്ട് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. മാത്രവുമല്ല മറ്റ് ഭാഷകളില്‍ നിന്നുള്ള മുൻനിര താരങ്ങളും കൂലിയുടെ ഭാഗമായപ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന പ്രൊജക്റ്റായി കൂലി മാറി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.
















