ലോകത്തിലെ മുന്‍നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട യാത്രാ കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടംപിടിച്ചു. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. 10 ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിങ് ഡോട്ട് കോം തയ്യാറാക്കിയത്. ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക സമ്പത്തും പ്രകൃതി സൗന്ദര്യവും ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചതാണ് ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ കൊച്ചിയെ സഹായിച്ചത്.
നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്ന് ബുക്കിങ് ഡോട്ട് കോം വിലയിരുത്തുന്നു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വാസ്തുശില്‍പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തു ചേരുന്ന നഗരമാണ് കൊച്ചി. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യും. ചരിത്രപരമായ കെട്ടിടങ്ങള്‍ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികളും ഈ നഗരത്തിന്റെ ആകര്‍ഷണങ്ങളാണ്. ഇവിടുത്തെ പാചകപാരമ്പര്യവും സാംസ്‌ക്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്ന് വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴയിലെ കായല്‍യാത്ര, മൂന്നാറിലെ കോടമഞ്ഞുമൂടിയ മലനിരകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രെക്കിംഗ്, മാരാരി ബീച്ചിലെ സ്വര്‍ണമണലിലെ വിശ്രമം തുടങ്ങിയ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം വര്‍ണനാതീതമാണ്. ലോകമെമ്പാടു നിന്നും മികച്ച യാത്രാസംവിധാനമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടേക്കുള്ള കവാടമാണെന്നും ബുക്കിംഗ് ഡോട്ട് കോം വിലയിരുത്തി. കേരളടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണ് ഇതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണ് ഇത്. ഈ നേട്ടം കേരളത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS; Kochi among the top ten places the world should visit in 2026; an achievement that marks Kerala on the world tourism map
















