മലയാള സിനിമയുടെ കമ്പോള മൂല്യം ആഗോളതലത്തിൽ ഉയർത്തിക്കൊണ്ട്, ആൻ്റണി വർഗീസ് നായകനാകുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുമ്പുതന്നെ, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് വിതരണ ഡീൽ സ്വന്തമാക്കിയാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ എക്കാലത്തെയും വലിയ വിദേശ റിലീസിനായി ഒരുങ്ങുന്നത്. പ്രീ-റിലീസ് ബിസിനസ്സിൽ ചിത്രം സ്ഥാപിച്ച റെക്കോർഡുകൾ ഇൻഡസ്ട്രിക്ക് തന്നെ പുതിയ പ്രതീക്ഷകൾ നൽകുന്നു.
’മാർക്കോ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പ്രോജക്റ്റാണ് ‘കാട്ടാളൻ’. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക ലോഞ്ച്, മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജാ ചടങ്ങുകളോടെയാണ് നടന്നത്. ഒരു മെഗാ കാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’, അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. നായകനായ ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് ‘വൈൽഡ് ഗെറ്റപ്പ്’ ആയിരുന്നു പോസ്റ്ററിലെ പ്രധാന ആകർഷണം.
ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും മേൽനോട്ടത്തിലാണ് തായ്‌ലൻ്റിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ഷൂട്ടിംഗ് ആരംഭിച്ചത് തായ്‌ലൻഡിൽ വെച്ചാണ്. അതിസാഹസികമായ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ചിത്രത്തിലെ നായകൻ ആന്റണി വർഗീസിന് പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. ഓങ് ബാക്ക് സീരീസിലൂടെ ശ്രദ്ധ നേടിയ ‘പോങ്’ എന്ന ആനയും ‘കാട്ടാളൻ്റെ’ ഭാഗമാണ്.
സംഗീതത്തിലും ചിത്രത്തിന് വലിയ പ്രതീക്ഷകളുണ്ട്. ‘കാന്താര’, ‘മഹാരാജ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആണ് ‘കാട്ടാളന്’ വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ, ഹിന്ദി സിനിമകളിലെ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘പുഷ്പ’, ‘ജയിലർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, കബീർദുഹാൻ സിംഗ്, രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി എന്നിവരാണ് പ്രധാന താരങ്ങൾ. മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ലോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ എന്നിവരും ചിത്രത്തിലുണ്ട്.
ജോബി വർഗീസ്, പോൾ ജോർജ്ജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ. ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം 2026 മെയ് മാസത്തിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജുമാന ഷെരീഫ്, ഛായാഗ്രഹണം റെനഡിവേ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഘട്ടനം കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
















