കേന്ദ്ര സർക്കാരിന്റെ വിവാദ വിദ്യാഭ്യാസ പദ്ധതിയായ പി.എം.ശ്രീ (PM SHRI) യിൽ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. ഈ വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമ്മർദ്ദം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സർക്കാർ നിർണ്ണായകമായ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പഠനം നടത്താനായി സംസ്ഥാനം ഒരു ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ നേരത്തെ കണ്ടപ്പോഴും പദ്ധതിയിലെ ആശങ്കകൾ വാക്കാൽ അറിയിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഉപസമിതിയുടെ റിപ്പോർട്ട് വന്നതിന് ശേഷമേ കത്തയക്കൂ എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, സി.പി.ഐയുടെ ശക്തമായ സമ്മർദ്ദവും രാഷ്ട്രീയ വിമർശനങ്ങളും കൂടിയായപ്പോൾ സർക്കാർ വേഗത്തിൽ കത്തയക്കാൻ തീരുമാനിക്കുകയായിരുന്നു.
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സി.പി.ഐ-സി.പി.എം നേതൃത്വങ്ങൾ തമ്മിൽ തർക്കം രൂക്ഷമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഈ വിഷയത്തിൽ അന്തിമ ധാരണയിൽ എത്താനായിരുന്നില്ല. ഒടുവിൽ പദ്ധതി മരവിപ്പിക്കാനും കേന്ദ്രത്തിന് കത്തയക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രം തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം തീർത്ത സംസ്ഥാന സർക്കാർ തന്നെ, പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് വ്യക്തമായ നയംമാറ്റമാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ് മുന്നണിക്കുള്ളിൽ നിന്നും പുറത്തുനിന്നും സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നത്.
















