മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ, വരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് ഡ്രോൺ ക്യാമറ. വിവാഹച്ചടങ്ങ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഡ്രോൺ ക്യാമറയിൽ, വരന് കുത്തേറ്റ സംഭവവും ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യങ്ങളും കൃത്യമായി പതിഞ്ഞത് കേസിൽ പോലീസിന് നിർണ്ണായക തെളിവായി മാറിയിരിക്കുകയാണ്.
ബദ്‌നേര റോഡിലെ സാഹിൽ ലോണിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സുജൽ റാം സമുദ്ര എന്ന യുവാവിൻ്റെ വിവാഹച്ചടങ്ങിനിടെ രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളാണ് സ്റ്റേജിലേക്ക് കയറി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. നൃത്തം ചെയ്യുന്നതിനിടെ വരനും ബക്ഷിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുള്ള വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് വഴി തുറന്നത്. മൂന്ന് തവണ കുത്തേറ്റ സുജലിന് തുടയിലും കാൽമുട്ടിലുമാണ് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്ന സുജലിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി, വരൻ്റെ അച്ഛനായ റാംജി സമുദ്രയെയും ആക്രമിക്കാൻ ശ്രമിച്ചു.
വിവാഹ ആഘോഷം പകർത്തിക്കൊണ്ടിരുന്ന ഡ്രോൺ ഓപ്പറേറ്ററുടെ ജാഗ്രതയാണ് പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ സഹായകമായത്. സംഘർഷ ദൃശ്യങ്ങൾ പകർത്തിയ ഡ്രോൺ, ഓടി രക്ഷപ്പെട്ട ആക്രമിയെ തുടർന്നും പിന്തുടർന്നു. ഓറഞ്ച് ഹൂഡി ധരിച്ച പ്രതി ലോണിൽനിന്ന് പുറത്തെത്തി, പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നതും, കറുത്ത വസ്ത്രം ധരിച്ച മറ്റൊരാൾ ഇയാൾക്കൊപ്പം ചേരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വരൻ്റെ ബന്ധുക്കളിലൊരാൾ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, ഡ്രോൺ ക്യാമറ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം പ്രതികളെ പിന്തുടരുന്നതിലൂടെ അവരുടെ രക്ഷപ്പെടുന്ന വഴിയും മുഖവും കൃത്യമായി പകർത്തി.
സംഭവസ്ഥലത്തെത്തിയ പോലീസ് ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയുടെ മുഖവും രക്ഷപ്പെടുന്ന വഴിയും തിരിച്ചറിയുകയും ചെയ്തു. “ഡ്രോൺ ഓപ്പറേറ്ററുടെ ജാഗ്രത ഞങ്ങൾക്ക് വളരെയധികം സഹായകമായി. പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും ഈ വീഡിയോ കാര്യമായി സഹായിക്കും,” ബദ്‌നേര സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ ചൗഹാൻ പ്രതികരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കമുള്ള ശക്തമായ തെളിവുകൾ ഉള്ളതിനാൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഉദ്യോഗസ്ഥർ
















