മസ്കത്ത്: ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ച രണ്ട് അനധികൃത അപ്ഹോൾസ്‌റ്ററി (ഫർണിച്ചർ അറ്റകുറ്റപ്പണി) കടകൾ മസ്‌കത്ത് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി.
ഖുറിയാത്ത് വിലായത്തിൽ റോയൽ ഒമാൻ പൊലീസ്യും പബ്ലിക് പ്രോസിക്യൂഷനും ചേർന്നാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഈ കടകൾ ഗുരുതരമായ ആരോഗ്യസുരക്ഷാ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി.
നവംബർ 10-ന് രാവിലെ ഇൻഡസ്ട്രിയൽ ഏരിയയിലെയും അൽ ഹാജിർ പ്രദേശത്തെയും വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് നേരിട്ട് ഭീഷണിയായ അനാരോഗ്യകരമായ മരപ്പണികളും നിലവാരമില്ലാത്ത രാസവസ്തുക്കളും ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ ഉപയോഗിച്ചിരുന്ന സുരക്ഷിതമല്ലാത്ത ഉപകരണങ്ങളും വസ്തുക്കളും നശിപ്പിച്ചു, തുടർന്ന് രണ്ട് കടകളും സീൽ ചെയ്യുകയും ചെയ്തു.
മുനിസിപ്പാലിറ്റി അധികൃതർ ഭാവിയിലും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി തുടരുമെന്ന് വ്യക്തമാക്കി.
















