കൊട്ടിയം: പുതുതായി നിർമിച്ച സർവീസ് റോഡിൻ്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികളെയും വഴിയാത്രക്കാരെയും പാടെ ദുരിതത്തിലാക്കി. പാലത്തറ മുതൽ മേവറം വരെ നീളുന്ന ഭാഗത്ത് ദിവസേന മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെടുകയാണ്.
റോഡരികിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മേവറത്തിൻ്റെ അടിപ്പാതയ്ക്കടുത്തും, അറവുശാലകളിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ രാത്രി സമയങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പറയുന്നു. മാലിന്യം കൂമ്പാരമായത് മൂലം ദുർഗന്ധം പരക്കുന്ന അവസ്ഥയിൽ, വഴിയാത്രക്കാർക്കും സമീപവാസികൾക്കും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതി ആണ് ഇപ്പോൾ.
പാലത്തറക്കടുത്ത് നേരത്തെ മാലിന്യക്കൂമ്പാരം ഉണ്ടാകുമ്പോൾ തൃക്കോവിൽവട്ടം പഞ്ചായത്ത് അധികൃതർ ഇടപെട്ട് നീക്കം ചെയ്തിരുന്നു. എന്നാൽ അതേ സ്ഥലത്ത് വീണ്ടും മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ്.
നിരീക്ഷണ ക്യാമറകളില്ലാത്തതും, രാത്രികാല പരിശോധനയുടെ അഭാവവുമാണ് അനധികൃത മാലിന്യനിക്ഷേപത്തിന് പ്രോത്സാഹനമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യത്തിൽ ആകർഷിതരായി വരുന്ന തെരുവുനായകളും പുഴുക്കളും പ്രദേശവാസികൾക്ക് പുതിയൊരു ആരോഗ്യഭീഷണിയായി മാറിയിരിക്കുന്നു.
കൊല്ലം കോർപറേഷനും തൃക്കോവിൽവട്ടം പഞ്ചായത്തും അതിർത്തിപങ്കിടുന്ന ഈ മേഖലയിൽ കോർപറേഷൻ ആരോഗ്യവിഭാഗം രാത്രികാല നിരീക്ഷണം ശക്തമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യവും.
















