കുടുംബബന്ധങ്ങളിലെ സ്നേഹത്തെയും സൗഹൃദത്തെയും കുറിച്ച് ആയിരങ്ങളെ പഠിപ്പിച്ചവർക്കിടയിൽനിന്ന് അവിശ്വസനീയമായൊരു ആക്രമണവാർത്ത. നല്ല കുടുംബ ജീവിതത്തിനും മികച്ച ദമ്പതിമാരായി ജീവിക്കാനുമായി ധ്യാനങ്ങളും കൗൺസിലിങ്ങുകളും നടത്തിയിരുന്ന പ്രശസ്തരായ ക്രിസ്ത്യൻ മോട്ടിവേഷൻ ദമ്പതികളായ മാരിയോ ജോസഫും ജിജി മാരിയോയും തമ്മിൽ വീട്ടിലുണ്ടായ ആക്രമണമാണ് വിശ്വാസികളെയും അനുയായികളെയും ഞെട്ടിച്ചിരിക്കുന്നത്.
മാരിയോ ജോസഫ്, ഭാര്യ ജിജി മാരിയോയുടെ തലയ്ക്ക് ടി.വി. സെറ്റ്-ടോപ്പ് ബോക്‌സ് എടുത്ത് അടിക്കുകയും, കൈകൾ കടിച്ചുപറിക്കുകയും, മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിൽ ജിജി മാരിയോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചാലക്കുടി പോലീസിൽ ജിജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മാരിയോ ജോസഫിനെതിരെ പോലീസ് കേസെടുത്തു. ആക്രമണത്തിന് മുന്നോടിയായി, 70,000 രൂപ വിലവരുന്ന ഭാര്യയുടെ മൊബൈൽ ഫോണും ഇയാൾ തകർത്തിരുന്നു.
സംഭവസമയത്ത് ഭർത്താവ് മാരിയോ ജോസഫ് (സുലൈമാൻ) അക്രമാസക്തനാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏകദേശം ഒൻപത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. ജിജിയെ കാണാൻ എത്തിയ മാരിയോ ജോസഫാണ് പ്രകോപിതനായി ആക്രമണം നടത്തിയത്. സംഭവസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വർഷങ്ങളായി ‘ഫിലോകാലിയ’ (PHILOKALIA) എന്ന പേരിലുള്ള ധ്യാന പരിപാടിയും കൂട്ടായ്മയും നടത്തിവരുന്നവരാണ് ഈ ദമ്പതികൾ. ‘ദൈവത്തോട് പ്രണയവും മനുഷ്യനോട് കരുണയും’ എന്ന മുദ്രാവാക്യമുയർത്തി, കുടുംബബന്ധങ്ങൾ താളം തെറ്റിയവർക്ക് കൗൺസിലിംഗ് നൽകി അവരെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കുകയായിരുന്നു ഇവരുടെ പ്രധാന ജോലി. ചെറുപ്പക്കാർക്കും ദമ്പതിമാർക്കുമിടയിലെ വിഷയങ്ങൾ പരിഹരിക്കുന്നതിലെ കൗൺസിലർമാർ എന്ന നിലയിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും ഇരുവരും സജീവമായിരുന്നു. ദീർഘകാലമായി കുടുംബബന്ധങ്ങളെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരുന്നവരുടെ വ്യക്തിജീവിതത്തിലെ ഈ തകർച്ച, അവരുടെ അനുയായികൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. മുമ്പ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് താനെന്നും ഭീഷണികളുണ്ടെന്നും ജോസഫ് മാരിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















