പ്രേക്ഷകർ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ച താരജോഡികളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇപ്പോഴിതാ മലയാള സിനിമാലോകം കാത്തിരുന്ന ആ മുഹൂർത്തം യാഥാർഥ്യമാകുന്നു. മമ്മൂട്ടിക്കൊപ്പം സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുന്ന വിവരം നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചു. സ്വന്തം പ്രൊഡക്‌ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിച്ച ‘ലോക, ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിന്റെ തുടർ ഭാഗങ്ങളിലാണ് മെഗാസ്റ്റാർ എത്തുക എന്നും ദുൽഖർ പറഞ്ഞു.
‘‘ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി ഉയർന്നുപോയി. ബജറ്റിനെക്കുറിച്ച് കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി. ‘ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’. സിനിമയിൽ എത്തി 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ സുവർണാവസരം ലഭിച്ചത്, എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണ്.’’ ദുൽഖർ സൽമാന്റെ വാക്കുകൾ.
‘ലോക’യുടെ അടുത്ത ഭാഗങ്ങളിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു. ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ വൺ’ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമായും എത്തിയിരുന്നു.
















