ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ കൂടുതല്‍ വാഹനം വാങ്ങിയിരുന്നെന്ന റിപ്പോര്‍ട്ടില്‍ ആശങ്ക അകലുന്നു. ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഡോക്ടര്‍ ഉമര്‍ നബി വാങ്ങിയതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. ഹരിയാനയിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. നബിയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ വാഹനം പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2017 നവംബര്‍ 22 ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള DL10CK0458 എന്ന നമ്പറിലുള്ള ചുവന്ന എക്കോസ്‌പോട്ട് ഡോക്ടര്‍ ഉമര്‍ നബി വാങ്ങിയിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. വാഹനം വാങ്ങാന്‍ ഉമര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വ്യാജ വിലാസമാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസിന്റെ രേഖകള്‍ ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
STORY HIGHLIGHT: delhi-red-fort-blast-accused-umar-nabi-red-ecosport-found-at-haryana-farmhouse
















