കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ പലപ്പോഴും നമ്മൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഫുഡ് ഡെലിവെറികൾക്ക് കൂടുതൽ ഉപയോഗിക്കുന്നതും ഈ പാത്രങ്ങളാണ്. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾക്കും തവികൾക്കും സ്പൂണുകൾക്കും ആരാധകരേറെയാണ് എന്ന് തന്നെ പറയാം. എന്നാൽ പഴയ ലാപ്‌ടോപ്പുകൾ അല്ലെങ്കിൽ സെൽ ഫോണുകൾ പോലുള്ള പുനരുപയോഗിച്ച ഇലക്ട്രോണിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പല കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും നിർമ്മിക്കുന്നത്.
അടുക്കള പാത്രങ്ങൾ ഉൾപ്പെടെ പരീക്ഷിച്ച കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ 65% ത്തിലും ബ്രോമിനേറ്റഡ്, ഓർഗാനോഫോസ്ഫേറ്റ് ജ്വാല റിട്ടാർഡന്റുകൾ പോലുള്ള ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കെമോസ്ഫിയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു.
കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്. ടോക്സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ഗവേഷകർ സംയുക്തമായ നടത്തിയ പഠനത്തിൽ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന വിവിധ ഗാർഹിക ഉൽപ്പന്നങ്ങളില്‍ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കാൻസർ സാധ്യതയ്ക്കും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം.
ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
















