ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, സംഭവത്തെ അപലപിച്ച് പ്രമേയം പാസാക്കി. ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രമേയത്തി പറയുന്നു. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി, അന്വേഷണ പുരോഗതി വിലയിരുത്തി.
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായി മൂന്നാം ദിവസമാണ്, ഭീകരാക്രമണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കാർ സ്ഫോടനം ഭീകരവാദ സംഭവം, എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കിയ പ്രമേയത്തിൽ പരാമർശിക്കുന്നത്. സ്ഫോടനത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ആണെന്നും, പിന്നിൽ പ്രവർത്തിച്ചവരെയും സ്പോൺസർമാരെയും എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പേമേയത്തിൽ പറയുന്നു.
അന്വേഷണം ഉന്നതതലത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് പിന്നാലെ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള സമിതി, അന്വേഷണ പുരോഗതി വിലയിരുത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ട്, ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തിന് മുന്നിൽ വച്ചു. പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം ഉന്നതല സമിതി വീണ്ടും യോഗം ചേരും.
STORY HIGHLIGHT: Centre calls blast near Red Fort a ‘terrorist incident’
















