ഇന്ത്യന്‍ ജനാധിപത്യത്തെ പരസ്യമായി കശാപ്പ് ചെയ്യുകയാണ് ബിജെപിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദശലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ എത്രയോ വോട്ടുകള്‍ ചെയ്ത് കറങ്ങി നടക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് രാജ്യത്ത് വോട്ട് മോഷണം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ കുറിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തലസ്ഥാനത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യില്‍ ഇല്ലെന്നും നശിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരാമര്‍ശിക്കുന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വാദം. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ട് കൊള്ള പരാതികള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ മുന്‍ പോസ്റ്റും രാഹുല്‍ പങ്കുവച്ചിരുന്നു.
ബിജെപി രാജ്യത്ത് നടത്തുന്ന പ്രവര്‍ത്തികള്‍ ഒരു രാജ്യം ഒരു വോട്ട് എന്ന നിയമത്തെ ലംഘിക്കുന്നതാണെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വോട്ടുകൊള്ളയ്ക്ക് ഉദാഹരണമാണെന്നെന്നും രാഹുൽ പറഞ്ഞു. ഓഗസ്റ്റ് മാസം മുതല്‍ ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് വാര്‍ത്താസമ്മേളനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ 2024ല്‍ ഹരിയാന നിയമസഭയില്‍ ബിജെപി ജയിച്ചത് വോട്ട്‌കൊള്ളയിലൂടെയാണെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഹരിയാനയില്‍ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘5,21,619 ഇരട്ട വോട്ടുകളാണ് ഹരിയാനയില്‍ കണ്ടെത്തിയത്.
ആകെ വോട്ടര്‍മാര്‍ രണ്ട് കോടി. എട്ടില്‍ ഒരു വോട്ട് വ്യാജം. രണ്ട് കോടി വോട്ടര്‍മാരില്‍ 25 ലക്ഷം വോട്ട് കൊള്ള. ഇതില്‍ 25 ലക്ഷം കള്ള വോട്ടാണ്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ടുണ്ട്. ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്. വോട്ടര്‍ പട്ടികയില്‍ ഒരേ ഫോട്ടോ, ഒരേ പേര്. 104ാം നമ്പര്‍ വീട്ടില്‍ നൂറുകണക്കിന് വോട്ടുകളാണുള്ളത്. രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു’, രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 12,477 വോട്ടുകള്‍ വ്യാജ ഫോട്ടോകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത്രയും വോട്ടുകളില്‍ ബ്ലര്‍ ചെയ്ത ഫോട്ടോകളാണ് ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ വോട്ടുകളുടെ ഫയലുകളും രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ഉത്തര്‍പ്രദേശില്‍ വോട്ടര്‍ ഐഡിയുള്ള സര്‍പഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നു. ആയിരക്കണക്കിന് ആളുകള്‍ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്യുന്നു’, സർക്കാർ ചോരി എന്ന പേരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
STORY HIGHLIGHT : rahul-gandhi-accuses-bjp-ec-of-vote-theft-shares-post-on-multiple-voting
















