പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. സര്‍ക്കാരിലെ രണ്ടു മുന്നണികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധപ്രഖ്യാപനത്തിന്റെ വക്കോളമെത്തിയെങ്കിലും പിന്നീട് സമവായ ചര്‍ച്ചകളില്‍ തണുക്കുകയായിരുന്നു. എങ്കിലും ഇപ്പോഴും പി.എം. ശ്രീ പദ്ധതിയോട് സി.പി.എമ്മിന് ആഭിമുഖ്യം കുറഞ്ഞിട്ടില്ല. സി.പി.ഐയ്ക്കാണെങ്കില്‍ പി.എം. ശ്രീയെന്നു കേട്ടാല്‍ വലിയ പ്രശ്‌നം തന്നെയാണ്. അതിനിടയിലാണ് കേന്ദ്ര പദ്ധതിയായ പി.എം. ശ്രീ കേരളം നടപ്പാക്കില്ലെന്ന് കാണിച്ച് കത്തെഴുതിയിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച സബ്കമ്മിറ്റി തീരുമാനം അനുസരിച്ചാണ് കത്ത് തയ്യാറാക്കിയത്.
കമ്മിറ്റിയില്‍ സി.പി.ഐ സി.പി.എം പ്രതനിധികള്‍ ഉണ്ടായിരുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച കത്ത് കേന്ദ്രത്തിന് നല്‍കിയത്. ഒപ്പുവെച്ച കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയുമോ എന്ന സാങ്കേതിക പ്രശ്‌നം അപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്‍മാറിയാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളുമുണ്ട്. ഇതെല്ലാം സംസ്ഥാന വിദ്യാഭ്യാസ നയം അനുസരിച്ചയിരിക്കും ഇനി ഉണ്ടാവുക. അപ്പോഴും വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി കേന്ദ്രം നല്‍കുന്ന ഇത്തരം ഫണ്ടുകള്‍ വേണ്ട എന്ന ശക്തമായ നിലപാടാണ് ഇപ്പോള്‍ കേരളം അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇന്നലെ വരെയുള്ള തീരുമാനത്തിന് വിരുദ്ധമായ ഒരു പ്രസ്താവനയാണ് ഇന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ഇത് വിദ്യാഭ്യാസമന്ത്രിയുടേതാ നിലപാടല്ല എന്നേ കാണാന്‍ കഴിയൂ. വിദ്യാഭ്യാസ മന്ത്രി പ്രനിധീകരിക്കുന്ന പാര്‍ട്ടിയുടെ നിലപാടു കൂടിയാണത്. കാരണം, വിദ്യാഭ്യാസ മന്ത്രിക്ക് ഒറ്റയ്ക്ക് നിലപാടെടുക്കാന്‍ കഴിയുന്ന ആളല്ലെല്ലും, അത്തരം വലിയ വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയോട് ആലോചിച്ചിട്ടാണെന്നും ബോധ്യമുള്ള വ്യക്തി കൂടിയാണ് വി. ശിവന്‍കുട്ടി. അതുകൊണ്ട്, ഇപ്പോള്‍ മന്ത്രിയുടേതായി വന്നിരിക്കുന്ന പ്രസ്താവന അത്ര ലളിതമായോ, ഏകപക്ഷീയമായോ കാണാനാകില്ല.
- വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു ഭരണപരമായ ബാധ്യതയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെയും സംയോജനമാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം വ്യക്തമാക്കിയത് പോലെ, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്. അത് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങിയ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്.
പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള ആദ്യ ഘട്ട ശ്രമം പോലും സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി, നമ്മുടെ വിദ്യാഭ്യാസ നിയമങ്ങള്‍ക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങള്‍ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ നമ്മള്‍ ഇനിയും ശ്രമിക്കും
വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രസ്താവനയില്‍ പറയുന്ന നിലപാടും നയവും രണ്ടാണ്. നിലപാടിനനുസരിച്ചുള്ള നയമല്ല മന്ത്രി പറയുന്നത്. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നതാണ് നിലപാട്. എന്നാല്‍, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ നമ്മള്‍ ഇനിയും ശ്രമിക്കും എന്നതാണ് നയം. അതായത്, നിലപാടും നയവും രണ്ടു തട്ടിലാണെന്ന് വ്യക്തം. കേന്ദ്രത്തില്‍ നിന്നും വിദ്യാഭ്യാസ മേഖലയ്ക്കു കിട്ടുന്ന എല്ലാ ഫണ്ടും വാങ്ങിയെടുക്കും എന്നു തന്നെയാണ് നിലപാടും പറഞ്ഞുകൊണ്ട് മന്ത്രി നയം വ്യക്തമാക്കിയിരിക്കുന്നത്.
അതായത്, പി.എം ശ്രീ പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ചതും ഈ നയം കൊണ്ടാണെന്ന് സാരം. ആദ്യം ഘട്ടം മാത്രമാണ് അംഗീകരിച്ചതും ഒപ്പിട്ടതും. അത് മുന്നണിയിലെ സി.പി.ഐയുടെ എതിര്‍പ്പുകൊണ്ട് വേണ്ടെന്നു വെയ്ക്കുയല്ല, നടപ്പാക്കില്ല എന്ന് കത്തെഴുതുക മാത്രമാണ് ചെയ്തത്. എന്നാല്‍, പദ്ധതിയുമായി ഏര്‍പ്പെട്ട കരാറില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ല. കരാറില്‍ പറയുന്ന ടേംസ് ആര്‍റ് കണ്ടീഷന്‍സ് എല്ലാം അംഗീകരിച്ചാണ് ഒപ്പിട്ടതും. മാത്രമല്ല, ഇപ്പോഴത്തെ കത്തിലൂടെ നടപ്പാക്കില്ലെന്നു പറുന്നത് പി.എം. ശ്രീയുടെ ഒന്നാം ഘട്ടമാണെന്നും മന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതാത്, പി.എം. ശ്രീ പദ്ധതിക്ക് ഇനിയും ഘട്ടങ്ങളുണ്ട്.
ആ ഘട്ടങ്ങള്‍ നടപ്പാക്കണോ വേണ്ടയോ എന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കും. അതാണ് മന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ‘സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ നമ്മള്‍ ഇനിയും ശ്രമിക്കും’ എന്നാണ് മന്ത്രി പറയുന്നത്. ശരിയാണ്, കേന്ദ്രാവിഷ്‌കൃത പദ്ധതി വഴി കേരളത്തിന് കിട്ടാനുള്ള എല്ലാ ഫണ്ടുകളും കിട്ടുക തന്നെ വേണം. എന്നാല്‍, കേന്ദ്രാവിഷ്‌കൃത പദ്ധകളില്‍പ്പെടുന്ന പി.എം. ശ്രീ പദ്ധി അടക്കമുള്ള നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളും, നിയമങ്ങളും, വ്യവസ്ഥകളും, കരാറും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ആയിരിക്കും. പക്ഷെ, ഫണ്ടുകള്‍ നല്‍കുന്നതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. അപ്പോള്‍ ഈ നിയമങ്ങളും, വ്യവസ്ഥകളും കരാറുകളും ഒപ്പിട്ടു വേണം പണ്ട് വാങ്ങേണ്ടത്. അല്ലാതെ, കേരളത്തിന് ഒരു നിയമം, മറ്റു സംസ്ഥാനങ്ങള്‍ക്ക് വേറൊരു നിയമം എന്ന രീതിയിലല്ല കേന്ദ്രാവിഷ്‌കൃത പദ്ധകള്‍ക്ക് ഫണ്ട് നല്‍കുന്നത്.
ഇപ്പോള്‍, കേന്ദ്രത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ല എന്ന് കത്തെഴുതിയത് വിദ്യഭ്യാസ വകുപ്പിനും, സി.പി.എമ്മിനും കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. കാരണം, പദ്ധതിയില്‍ ഒപ്പിട്ടപ്പോഴും മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തില്ല എന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് സി.പി.ഐ പിണങ്ങിയത്. എന്നാല്‍, അതിനു ശേഷം വിദ്യാഭ്യാസ മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയിലെ ചര്‍ച്ചാ തൊഴിലാളികളും, മറ്റു നേതാക്കലുമെല്ലാം പി.എം. ശ്രീയിലൂടെ കിട്ടുന്ന ഫണ്ടിനെ കുറിച്ചു മാത്രമാണ് ന്യായീകരിച്ചു കൊണ്ടിരുന്നത്. അതിനു മുമ്പ് ഇതേ പദ്ധതിയെ എതിര്‍ത്തതും, ഇതേ ഫണ്ട് വേണ്ടെന്നു വെച്ചതുമെല്ലാം ബോധപൂര്‍വ്വം മറന്നു. തള്ളിപ്പറഞ്ഞു. തിരുത്തി. ഫണ്ടു കിട്ടിയാല്‍ മതിയെന്ന രീതിയില്‍ തന്ത്രപരമായ ഇടപെടാലാണെന്ന് പറയേണ്ടി വന്നു.
എന്നാല്‍, ഇപ്പോള്‍ പഴയ നിലപാടുകളെ വിളിച്ചു പറഞ്ഞുകൊണ്ട് നയം വ്യക്തമാക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തിരിക്കുന്നത്. അതായത്, കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിനവകാശപ്പെട്ട എല്ലാ ഫണ്ടും വാങ്ങിയെടുക്കുമെന്നാണ് പറയുന്നത്. പി.എം. ശ്രീ പദ്ധതി വിട്ടിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞിനര്‍ത്ഥം. വിദ്യാഭ്യാസ മേഖലയിലേക്ക് കേരളതച്തിന് കിട്ടാനുള്ളതില്‍ വലിയ ഫണ്ട് പി.എം ശ്രീ പദ്ധതി വഴിയുള്ളതാണെന്ന് ആര്‍ക്കാണ് അറിയാത്തത്. അപ്പോള്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയിരിക്കുന്ന പ്രസ്താവന സി.പി.ഐയ്ക്കുള്ള മറുപടിയായി പ്രതിപക്ഷം വ്യാഖ്യാനിക്കുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; Will PM Shri implement the scheme without implementing it?: Are the words of the Education Minister creating confusion despite writing a letter to the Center?
















