രാജ്യം ഉറ്റുനോക്കുന്ന, നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വെട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ സൂചനകൾ അറിയാം. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം.
എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.
ആർ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം വാദിക്കുന്നത്. എന്നാൽ എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബി ജെ പി അവകാശപ്പെട്ടത്. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
ഇത്തവണത്തെ ബിഹാർ തിരഞ്ഞെടുപ്പ് എൻഡിഎ, മഹാസഖ്യം എന്നീ മുന്നണികൾക്ക് ഒരുപോലെ നിർണായകമാണ്. തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തമായി പ്രകടമായിരുന്നു. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 ശതമാനം പോളിംഗും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പോളിംഗും രേഖപ്പെടുത്തി. ആകെ പോളിംഗ് ശതമാനം 66.91 എന്ന നിലവാരത്തിൽ എത്തി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന വോട്ടെണ്ണലിനായി സംസ്ഥാനത്തെ 38 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു വോട്ടെണ്ണൽ കണക്കിലെടുത്ത് പട്‌നയിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
243 വോട്ടെണ്ണൽ നിരീക്ഷകരുടെയും സ്ഥാനാർത്ഥികളുടെയും അവരുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ 243 റിട്ടേണിംഗ് ഓഫീസർമാർ വോട്ടെണ്ണൽ നടത്തും. ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്‌റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവരടങ്ങുന്ന 4372 വോട്ടെണ്ണൽ മേശകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. സ്ഥാനാർത്ഥികൾ നിയമിച്ച 18,000-ത്തിലധികം കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കും.
















