രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫലസൂചനകൾ എട്ടരയോടെ. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന വോട്ടെണ്ണലിനായി സംസ്ഥാനത്തെ 38 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വോട്ടെണ്ണൽ കണക്കിലെടുത്ത് പട്‌നയിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
243 വോട്ടെണ്ണൽ നിരീക്ഷകരുടെയും സ്ഥാനാർത്ഥികളുടെയും അവരുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ 243 റിട്ടേണിംഗ് ഓഫീസർമാർ വോട്ടെണ്ണൽ നടത്തും. ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്‌റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവരടങ്ങുന്ന 4372 വോട്ടെണ്ണൽ മേശകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
സ്ഥാനാർത്ഥികൾ നിയമിച്ച 18,000-ത്തിലധികം കൗണ്ടിംഗ് ഏജന്റുമാരും വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കും.
അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.
















