സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഇന്ന് രാവിലെ 11 മണി മുതൽ പത്രിക നൽകാം.
നവംബർ 21 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി. സ്ഥാനാർഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിലേക്ക് സ്ഥാനാർഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ പരിധിക്കുളളിൽ അനുവദിക്കൂ.
സൂക്ഷ്മ പരിശോധന നവംബർ 22-ന് നടക്കും. നവംബർ 24 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവർ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോർപ്പറേഷനുകളിൽ മത്സരിക്കുന്നവർ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം ഡിസംബർ 11 നുമാണ്. ഇതോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുകയാണ്. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ.
















