ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. കേരള കേഡറില്‍ നിന്നുള്ള മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പത്തംഗ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. തീവ്രവാദ ബന്ധങ്ങളും ഗൂഢാലോചനകളും അടിയന്തിരമായി കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
തിങ്കളാഴ്ച വൈകുന്നേരം ട്രാഫിക് സിഗ്‌നലിന് സമീപം നില്‍ക്കുകയായിരുന്ന കാറിലാണ് സ്‌ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയും 13 പേര്‍ മരണപ്പെടുകയും ചെയ്തു. സംഭവത്തിന് മുമ്പ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി സംശയാസ്പദ കാറിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫരീദാബാദ്, ഡൽഹി തുടങ്ങിയ ഇടങ്ങളില്‍ അടുത്തിടെ വന്‍ ഭീകരാക്രമണങ്ങള്‍ക്കുള്ള പദ്ധതികളും കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്ക് ദിനത്തിലും ദീപാവലി ദിനത്തിലും ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന വിവരവും ലഭ്യമായതോടെ അന്വേഷണം വേഗത്തിലാക്കി.
ഫരീദാബാദില്‍ നിന്ന് ജമ്മു–കശ്മീര്‍ പൊലീസും എന്‍.ഐ.എയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. മേവാട്ടില്‍ നിന്നുള്ള മതപ്രഭാഷകന്‍ മൗലവി ഇഷ്തിയാഖിനെ കസ്റ്റഡിയില്‍ എടുത്തതോടെ കേസില്‍ അറസ്റ്റിലാകുന്ന ഒമ്പതാമത്തെ പ്രതിയായി ഇയാള്‍ മാറി.
ഇഷ്തിയാഖിന്റെ വാടക വീട്ടില്‍ നിന്നാണ് വൻതോതിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഡോ. മുസമ്മില്‍ ഗനായി, ഡോ. ഉമര്‍ നബി എന്നിവര്‍ക്കൊപ്പം ഇയാള്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണം.
1996-ലെ കേരള കേഡറിലെ ഐ.പി.എസ് ഓഫീസറായ വിജയ് സാഖറെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതലകള്‍ നിര്‍വഹിച്ച കരുത്തുറ്റ ഉദ്യോഗസ്ഥനാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തന ശൃംഖലയും തീവ്രവാദ വേരുകളും മനസിലാക്കിയ സാഖറെയുടെ പരിചയം എന്‍.ഐ.എ അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
കൊവിഡ് കാലത്ത് കാസര്‍ഗോഡിലും കൊച്ചിയിലും കാര്യക്ഷമമായി ഇടപെട്ട സാഖറെ, പിന്നീട് സംസ്ഥാന എഡിജിപിയായി നിയമിതനായിരുന്നു. ഇപ്പോഴിതാ, ഡല്‍ഹിയിലെ ഭീകരശൃംഖലകളെ അടിവേരോടെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന് അദ്ദേഹം നേതൃത്വം നല്‍കുന്നു.
















