ചക്കിട്ടപാറ: നരിനട–ചക്കിട്ടപാറ റോഡിലെ കുഴികണ്ടം മുക്കിൽ സ്കൂട്ടർ മുള്ളൻപന്നിയോട് ഇടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റ്. നരിനട തയ്യുള്ളതിൽ ജീജോ (55)യ്ക്കാണ് പുലർച്ചെ 4.30ഓടെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
ഗൾഫിൽ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടാൻ ചക്കിട്ടപാറയിലുള്ള വീട്ടിലേക്ക് കാർ എടുക്കാനായി പോകുന്ന വഴിയിലായിരുന്നു അപകടമെന്നാണ് വിവരം. സമയം കഴിഞ്ഞിട്ടും ജീജോ വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഫോൺ വിളിച്ചത് അപകട വിവരം പുറത്തറിയാൻ വഴിയൊരുക്കി.
പാതയോരത്ത് രക്തത്തിൽ കുളിച്ച നിലയിൽ ജീജോ കിടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം ചക്കിട്ടപാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പേരാമ്പ്ര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി.
















