Kozhikode

കലോത്സവ മാലിന്യ ശേഖരണത്തിന് പ്രകൃതിദത്ത തെങ്ങോല വല്ലങ്ങൾ; നവീന മാതൃകയുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി

തിരുവള്ളൂർ: തോടന്നൂർ ഉപജില്ല കലോത്സവത്തിന്റെ മാലിന്യ നിർമാർജ്ജനത്തിനെ ഒരു പച്ചപ്പിന്റെ താളം നൽകി, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി തെങ്ങോല ഉപയോഗിച്ച് പ്രകൃതിദത്ത വല്ലങ്ങൾ തയ്യാറാക്കി. നവംബർ 14 മുതൽ 18 വരെ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവ വേളയിൽ മാലിന്യ ശേഖരണത്തിന് ഈ വല്ലങ്ങൾ ഉപയോഗിക്കും.

വല്ല നിർമ്മാണത്തിന് ആവശ്യമായ പണിതലന്തുകൾ കണ്ടെത്താൻ സംഘടിപ്പിച്ച ‘വല്ലം മെടയൽ മത്സരം’ ശ്രദ്ധേയമായി. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 11 പേർ മത്സരത്തിൽ പങ്കെടുത്തു. കെ.വി. ഗോപാലൻ ഒന്നാം സ്ഥാനവും കെ. ബാവയും കെ. സീനയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങളും നേടി.

മത്സരാർത്ഥികൾക്കു ഓരോരുത്തർക്കും മൺകുടങ്ങൾ സമ്മാനമായി നൽകി. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ഷഹനാസ് മത്സരത്തിന് ഉദ്ഘാടനവും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി വൈസ് ചെയർ​മാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനുമായി.

കൺവീനർ എം. റഷീദ്, ജോയിന്റ് കൺവീനർ എം. റഫീഖ്, കെ. പ്രശാന്ത്, എൻ. അസ്മ, എൻ. ഹബീബ, എൻ. നിഷ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നടത്തിപ്പ് കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനാണ് ഏറ്റെടുത്തിരിക്കുന്നത്.