ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം എൻഡിഎ മറികടന്നു. എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. എൻഡിഎ 138 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
72 സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറു സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 7 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്.
വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. വിജയിച്ചാൽ ഇന്ന് വൈകിട്ട് മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നു. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. സീറ്റുകളുടെ എണ്ണത്തിൽ ബിജെപിക്ക് തൊട്ടുപിന്നിലാണ് നിതീഷിന്റെ ആർജെഡി. ബിജെപി–69, ആര്‍ജെഡി–59. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
















