ബിഹാറിൽ പ്രവചിക്കപ്പെട്ടതുപോലെ ലീഡ് നിലയിൽ വലിയ മുന്നേറ്റം നേടുന്ന എൻഡിഎ സഖ്യത്തിന്റെ പ്രകടനത്തിനു പിന്നാലെ ഔദ്യോഗിക വസതിക്കുമുന്നിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ. ‘ഇപ്പോഴും ശക്തിയുള്ള കടുവ’ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പട്നയിലെ 1, അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ജെഡിയുവിനെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് പട്നയിൽത്തന്നെ മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
അതേസമയം ബിഹാറിൽ ലീഡിൽ കേവല ഭൂരിപക്ഷം എൻഡിഎ മറികടന്നു. എൻഡിഎ കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. എൻഡിഎ 138 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 72 സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറു സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 7 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്.
















