കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് (സിജിപി) വിഭാഗത്തിൽ മികച്ച സിജിപി ബ്രാഞ്ചിനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും കോഴിക്കോട് ബ്രാഞ്ചിനാണ് ലഭിച്ചത്. ഫറോക്കിലെ മറീന കോൺവെൻഷൻ സെന്ററിൽ നടന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്തു.
ഐഎംഎ മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ. എ. ശ്രീവിലാസൻ നൽകിയ പുരസ്കാരം ഡോ. ബേബി സുപ്രിയ, ഡോ. ജി. ആർ. ജിതിൻ, ഡോ. ശങ്കർ മഹാദേവൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തിലും ഏറ്റവും മികച്ച സിജിപി ബ്രാഞ്ചിനുള്ള ഒന്നാം സ്ഥാനം കോഴിക്കോട് ബ്രാഞ്ചിനായിരുന്നു, തുടർച്ചയായി രണ്ടാംവർഷവും അതേ നേട്ടം കൈവരിച്ചതോടെ കോഴിക്കോടിന്റെ പ്രവർത്തന മികവ് വീണ്ടും തെളിഞ്ഞതായി ഐഎംഎ വൃത്തങ്ങൾ വിലയിരുത്തുന്നു.
















