മൂന്നാറിൽ ഓർഡർ നൽകിയ ഭക്ഷണം നൽകാത്തത് ചോദ്യം ചെയ്തതിന് വിനോദസഞ്ചാരിയെ തട്ടുകടക്കാരൻ തലക്കടിച്ചു പരിക്കേൽപിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) നാണ് പരിക്കേറ്റത്. മുന്നാറിലെ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവാവിനെ.
ബുധനാഴ്ച രാത്രി 10നു ആയിരുന്നു സംഭവം. പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു ഷംനാദ്. സുഹൃത്തിനൊപ്പമായിരുന്നു കഴിക്കാനെത്തിയത്. ഭക്ഷണം ഓർഡർ ചെയ്തിട്ട് കുറെ നേരം ആയിട്ടും ഭക്ഷണം നൽകിയില്ല. ഷംനാദിന് ശേഷം വന്നവർക്ക് വരെ ഭക്ഷണം നൽകിയിട്ടും തനിക് നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വാക്കുതർക്കം ആരംഭിച്ചത്. ഒടുവിൽ തട്ടുകടക്കാരൻ ഷംനാദിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തട്ടുകടക്കാരനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
















