ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണറപ്പായ അനീഷിന്റെ ‘മെറ്റേണിറ്റി ലീവ്’ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ അനീഷിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഡിജിറ്റൽ ക്രിയേറ്ററായ അനു ചന്ദ്ര.
ബിഗ് ബോസ് ഷോയ്ക്ക് ശേഷമുള്ള അഭിമുഖങ്ങളിലാണ് അനീഷ് പ്രസവാവധി സംബന്ധിച്ച തൻ്റെ നിലപാട് വ്യക്തമാക്കിയത്. “ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് നൽകുന്നത് തെറ്റാണ്. അത് സ്ത്രീകൾക്കുള്ള ഒരു പ്രിവിലേജായി തോന്നിയിട്ടുണ്ട്. ഡെലിവറി ടൈമിൽ ലീവ് അനുവദിക്കാം, എന്നാൽ ആറ് മാസം ലീവ് നൽകുന്നത് ശരിയല്ല. അല്ലെങ്കിൽ പുരുഷന്മാർക്കും ആറ് മാസം ലീവ് അനുവദിക്കണം” എന്നായിരുന്നു അനീഷിൻ്റെ പരാമർശം. ഈ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും ആവർത്തിച്ചു.
അനീഷിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് അനു ചന്ദ്ര പ്രതികരിച്ചത്. മെറ്റേണിറ്റി ലീവിനെ ഒരു പ്രിവിലേജായി കാണുന്നത് സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു ഗവൺമെൻ്റ് ജീവനക്കാരൻ കൂടിയായ അനീഷ്, ജോലിയിൽ നിന്ന് അവധിയെടുത്ത് ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുകയും അതിന് ശമ്പളം പറ്റുകയും ചെയ്ത വ്യക്തിയാണെന്നും, അങ്ങനെയുള്ള ഒരാൾ സ്ത്രീകളുടെ അടിസ്ഥാനപരമായ അവകാശമായ പ്രസവാവധിക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും അവർ വിമർശിച്ചു.
“മണ്ടത്തരം പറയരുത് അനീഷേ …മെറ്റേണിറ്റി ലീവ് സ്ത്രീകൾക്കുള്ള പ്രിവിലേജായി തോന്നിയിട്ടുണ്ട് എന്നൊക്കെ അനീഷ് പറയുമ്പോൾ ചിരിയാണ് വരുന്നത്. അതും ആറ് മാസമൊക്കെ സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നത് പലപ്പോഴും സ്ത്രീകൾ ഒരു പ്രിവിലേജായി എടുക്കുന്നതായി തോന്നിയിട്ടുണ്ട് എന്നൊക്കെയാണ് അനീഷ് പറയുന്നത്. മെറ്റേണിറ്റി ലീവ് എന്താണെന്നറിയാത്തവർക്കയായി ആദ്യം അത് പറഞ്ഞു തരാം മെറ്റേണിറ്റി ലീവ് എന്നത്
ഒരു ഗർഭിണിയായ സ്ത്രീക്ക് പ്രസവത്തിന് മുമ്പും ശേഷവും ലഭിക്കുന്ന വേതനത്തോടുകൂടിയ അവധിയാണ്. അത് സ്ത്രീക്ക് വിശ്രമിക്കാനും, കുഞ്ഞിനെ പ്രസവിച്ചശേഷം പരിപാലിക്കാനും വേണ്ടി നിയമപരമായി നൽകുന്ന അവകാശമാണ്.
അതായത് ഒരു സ്ത്രീക്ക് അത്യന്തം ആവശ്യമായ ഒന്നാണിത്. അതിനെയാണ് അനീഷ് വന്നിരുന്ന് സ്ത്രീകൾ അതിനെ ഒരു പ്രിവിലേജായി എടുക്കുന്നതായി തോന്നുന്നു എന്നൊക്കെ പറയുന്നത്. മെറ്റേണിറ്റി ലീവ് എന്തുകൊണ്ട് അത്യാവശ്യമാണ് എന്ന് കൂടി വിവരിക്കാം. ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകളുടെ ശരീരത്തിന് വിശ്രമവും, പുനർസ്ഥാപനവും ആവശ്യമാണ്. അതായത് പ്രസവമെന്നാൽ അതൊരു വലിയ ജൈവപ്രക്രിയയാണ്. ശരീരത്തിന് വീണ്ടുമുയർന്നുവരാൻ സമയം വളരെയധികം ആവശ്യമാണ്. അതോടൊപ്പം പ്രസവശേഷം ഹോർമോണുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അതിനാൽ അമ്മയ്ക്ക് ഇമോഷണൽ ബോണ്ടിങ് ഉണ്ടാക്കാനും, കുഞ്ഞിനോടുള്ള ബന്ധം വളർത്താനും ഈ കാലം വളരെയധികം അനിവാര്യമാണ്. അതിനാൽ ശാരീരികമായും മാനസികമായും മെറ്റേണിറ്റി ലീവ് ആവശ്യമാണ്.
പിന്നെ കുഞ്ഞിന്റെ ആരോഗ്യം പരിഗണിച്ചാൽ, ആദ്യ മാസങ്ങളിലെല്ലാം കുഞ്ഞ് പൂർണ്ണമായും അമ്മയുടെ പാലിനെ ആശ്രയിച്ചാണ് നിൽക്കുന്നത്. അതിനാൽ അമ്മ വീട്ടിലായിരിക്കുമ്പോൾ അത് വഴി കുഞ്ഞിന് സ്ഥിരതയും സുരക്ഷയും ലഭിക്കും. ഇത്തരം എല്ലാത്തരത്തിലുള്ള ആവശ്യങ്ങളെയും മാനിച്ചു കൊണ്ടാണ് മെറ്റേണിറ്റി ലീവ് എന്ന പേരിൽ സ്ത്രീകൾക്ക് തൊഴിലും മാതൃത്വവും ഒത്തുചേരാനുള്ള അവകാശം ഉറപ്പാക്കുന്നത്. അത് സ്ത്രീകളുടെ ജോലി നഷ്ടപ്പെടാതിരിക്കാനും അവരെ പിന്തുണയ്ക്കാനും സഹായിക്കുന്നു. അതിനാൽ lമെറ്റേണിറ്റി ലീവ് അനിവാര്യമാണ്, കാരണം അത് ഒരു അമ്മയ്ക്കും കുഞ്ഞിനും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആരംഭകാലത്തെ സംരക്ഷിക്കുന്നു.
അപ്പോ അനീഷിനോട് ഒന്നേ പറയാനൊള്ളൂ ; പേരും പ്രശസ്തിയുമൊക്കെ കിട്ടിയ നിലക്ക് താങ്കളിപ്പോൾ ഒരു ഇൻഫ്ലുവൻസർ കൂടിയാണ്. അതിനാൽ ദയവ് ചെയ്തു ആധികാരികമായി മണ്ടത്തരങ്ങൾ പറയരുത്. അങ്ങനെ പറഞ്ഞാൽ അത് ഏറ്റു പിടിക്കാനും വേറെ ചില മണ്ടന്മാർ ഇറങ്ങും. അതാകും സ്ത്രീകളോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.
നന്ദി.
ഇതായിരുന്നു പോസ്റ്റിൽ. അനീഷ് ഇപ്പോഴും തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
















