കോഴിക്കോട്: സിപിഐഎം നേതാക്കളായ എം. ടി. അഹമ്മദ് കോയ പി. പി. അഹമ്മദ് കോയ എന്നിവരുടെ സ്മരണയ്ക്കായി കണ്ണംപറമ്പ് പള്ളി പരിപാലന കമ്മിറ്റിക്ക് മൊബൈൽ ഫ്രീസർ കൈമാറി. സിപിഐഎം മുഖദാർ ബ്രാഞ്ചാണ് സംഭാവന നൽകിയിരിക്കുന്നത്. ഇരുവരും കോഴിക്കോട് ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി (ഇപ്പോൾ കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി) അംഗങ്ങളായിരുന്നു.
മുഖദാർ ബീച്ചിന് സമീപം 13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കണ്ണംപറമ്പ് ശ്മശാനം, ജില്ലയിൽ പ്രധാനപ്പെട്ട പൊതുശ്മശാനങ്ങളിൽ ഒന്നാണ്. 2018-ലെ നിപാ മഹാമാരിയിൽ മരിച്ചവരുള്‍പ്പെടെ നിരവധിപേർക്ക് ഇവിടെ അന്തിമവിശ്രമം നൽകപ്പെട്ടിട്ടുണ്ട്. എ.പി. അഹമ്മദ് കോയ ഹാജി പ്രസിഡൻറും എം.പി. സക്കീർ ഹുസൈൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ശ്മശാനത്തിന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത്. കോർപറേഷന്റെ സ്ഥിരം സഹായവും ശ്മശാനത്തിന് ലഭിക്കുന്നുണ്ട്.
എം. ടി. അഹമ്മദ് കോയയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് നൽകപ്പെട്ട മൊബൈൽ ഫ്രീസർ സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഔദ്യോഗികമായി പള്ളി കമ്മിറ്റിക്ക് കൈമാറി. എം.പി. സക്കീർ, എ.പി. അഹമ്മദ്, ടി.പി. കുഞ്ഞാത്തു എന്നിവർ ഫ്രീസർ ഏറ്റുവാങ്ങി.
ഏ.ടി. അഹമ്മദ് സിറാജ് യോഗത്തിന് അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദും സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി കെ. ബൈജുവും അനൂപ് കക്കോടിയും ഏരിയ കമ്മിറ്റി അംഗം പി. സുനിൽ ബാബുവും സിപിഐഎം കുറ്റിച്ചിറ ലോക്കൽ സെക്രട്ടറി എൻ. പി. നൗഷാദും സംസാരിച്ചു.
അനുസ്മരണ കമ്മിറ്റി കൺവീനർ എം.പി. മമ്മദ് കോയ സ്വാഗതവും ടി.ടി. മജീദ് നന്ദിയും അറിയിച്ചു.
















