“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുന്നത്” – വെറുമൊരു വാക്കുകളായിരുന്നില്ല അത്, ഒരു രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്നേഹവും വിശ്വാസവുമായിരുന്നു. ആ മഹത്തായ സ്നേഹത്തിൻ്റെ ഓർമ്മയിൽ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ 136-ാം ജന്മദിനം രാജ്യം ശിശുദിനമായി ആചരിക്കുകയാണ്. 1889 നവംബർ 14ന് പ്രയാഗ്രാജിൽ ജനിച്ച നെഹ്‌റുവിന്, രാജ്യത്തിന്റെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമായിരുന്നു കുട്ടികളുടെ ചിരിയും സുരക്ഷിതത്വവും.
സ്വന്തം ജീവിതത്തിലെ തിരക്കുകൾക്കിടയിലും, രാജ്യത്തെ ഓരോ കുരുന്നിനെയും സ്വന്തം മക്കളായി കണ്ട ആ വലിയ മനുഷ്യൻ, അവർക്കായി ഒരുക്കിയ ഒരിടമാണ് ഈ ശിശുദിനം. കുട്ടികളെ ‘ചാച്ചാ നെഹ്‌റു’ എന്ന് സ്നേഹത്തോടെ വിളിക്കാൻ പ്രേരിപ്പിച്ച ആ നിഷ്കളങ്കമായ അടുപ്പം, അദ്ദേഹത്തിന്റെ ഓർമ്മകളെ ഇന്നും ഓരോ ഭാരതീയന്റെ മനസ്സിലും നിലനിർത്തുന്നു. അദ്ദേഹത്തിൻ്റെ ജന്മദിനം കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി നീക്കിവെക്കുമ്പോൾ, അത് കേവലമൊരു അനുസ്മരണമല്ല; നാളത്തെ തലമുറയ്ക്കായി അദ്ദേഹം കണ്ട സ്വപ്നങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കലാണ്.
നവംബർ 14 ശിശുദിനമായി രാജ്യം ഔദ്യോഗികമായി ആചരിക്കുന്നത് 1964-ൽ നെഹ്‌റുവിൻ്റെ വിയോഗശേഷമാണ്. എന്നാൽ, ഈ ദിനത്തിന് ഒരു അപൂർവ ചരിത്രമുണ്ട്. ഇന്ത്യയിൽ ശിശുദിനം ആദ്യമായി ആചരിച്ചത് നെഹ്‌റുവിൻ്റെ ജന്മദിനത്തിലായിരുന്നില്ല. 1948 നവംബർ 5-ന് ‘ഫ്ലവർ ഡേ’ എന്ന പേരിലായിരുന്നു ആദ്യത്തെ ശിശുദിനാചരണം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ (ഐസിസിഡബ്ല്യു) യുണൈറ്റഡ് നേഷൻസ് അപ്പീൽ ഫോർ ചിൽഡ്രൻ (യുഎൻഎസി) ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി ‘ഫ്ലവർ ടോക്കണുകൾ’ വിറ്റ് കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ദിനം ആചരിച്ചത്. വിവിധ വർഷങ്ങളിലെ മാറ്റങ്ങൾക്കൊടുവിൽ, 1957 ഓടെ നവംബർ 14 ഔദ്യോഗിക ശിശുദിനമായി മാറുകയും, 1964-ൽ നെഹ്‌റുവിൻ്റെ ഓർമ്മയ്ക്കായി ഇത് സ്ഥിരപ്പെടുത്തുകയുമായിരുന്നു.
“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്‌ടിക്കുന്നത്. നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നത്,” എന്ന നെഹ്‌റുവിൻ്റെ വാക്കുകൾ അദ്ദേഹത്തിൻ്റെ കുട്ടികളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു. കുട്ടികളുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ കുട്ടികൾക്ക് സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ ഒരന്തരീക്ഷം നൽകേണ്ടതിൻ്റെ പ്രാധാന്യമാണ് ഈ ശിശുദിനം ഓർമ്മിപ്പിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുക എന്നതാണ് ശിശുദിനത്തിൻ്റെ പ്രധാന ലക്ഷ്യം.
- അന്താരാഷ്ട്ര രംഗത്തെ നെഹ്‌റുവിൻ്റെ ദീർഘവീക്ഷണം
കോളനിവാഴ്ച അവസാനിപ്പിക്കുന്നതിലും ലോകസമാധാനം നിലനിർത്തുന്നതിലും ജവഹർലാൽ നെഹ്‌റു ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ശീതയുദ്ധകാലത്തെ ലോക രാഷ്ട്രീയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാട് ചരിത്രപരമായിരുന്നു. യു.എസും സോവിയറ്റ് യൂണിയനും നേതൃത്വം നൽകിയ വൻശക്തി ചേരികളിൽ ഒന്നിലും ചേരാതെ, ചേരിചേരാ പ്രസ്ഥാനത്തിൻ്റെ (NAM – Non-Aligned Movement) പ്രധാന ശിൽപികളിൽ ഒരാളായി അദ്ദേഹം മാറി. ഈ തന്ത്രപരമായ നിലപാട് ലോകരാഷ്ട്രീയത്തിൽ ഇന്ത്യക്ക് സ്വന്തമായ ഒരിടം നേടിക്കൊടുക്കുകയും, പുതിയതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്ക് ഒരു മാതൃകയാവുകയും ചെയ്തു.
- ശാസ്ത്രബോധത്തിൻ്റെ പ്രചാരകനും ആധുനിക ഇന്ത്യയുടെ ശിൽപിയും
നെഹ്‌റു ശാസ്ത്രീയ വീക്ഷണങ്ങളെയും സാങ്കേതിക വിദ്യയെയും ശക്തമായി പിന്തുണച്ചു. ശാസ്ത്രീയ വളർച്ച രാജ്യത്തിൻ്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം ആഴത്തിൽ വിശ്വസിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിൻ്റെ വ്യാവസായികവൽക്കരണത്തിന് അദ്ദേഹം നേതൃത്വം നൽകി. രാജ്യത്ത് വലിയ അണക്കെട്ടുകൾ, സ്റ്റീൽ പ്ലാൻ്റുകൾ, ഐ.ഐ.ടി.കൾ പോലുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് അദ്ദേഹം മുൻകൈയെടുത്തു. ഈ സ്ഥാപനങ്ങൾ ആധുനിക ഇന്ത്യയുടെ അടിത്തറയായി മാറുകയും രാജ്യത്തിന്റെ സാങ്കേതികവും വ്യാവസായികവുമായ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.
ഭരണതന്ത്രജ്ഞൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു നെഹ്‌റു. ജയിൽവാസത്തിനിടയിലാണ് അദ്ദേഹത്തിൻ്റെ പ്രശസ്തമായ പല കൃതികളും പിറവിയെടുത്തത്. ‘ഇന്ത്യയെ കണ്ടെത്തൽ’ (The Discovery of India), ലോകചരിത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ‘വിശ്വചരിത്രാവലോകനം’ (Glimpses of World History) തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ, മകൾ ഇന്ദിരാഗാന്ധിക്ക് ജയിലിൽ നിന്ന് എഴുതിയ കത്തുകൾ സമാഹരിച്ച ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന ഗ്രന്ഥം, ഒരു പിതാവിൻ്റെ സ്നേഹവും ചരിത്രപരമായ അറിവുകളും ദീർഘദർശിത്വവും എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു.
- നെഹ്‌റുവിൻ്റെ പ്രചോദനാത്മകമായ വചനങ്ങൾ
1 ; ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്.
2 ; മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്.
3 : ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്.
4 : ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്.
5 : രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു.
6 : വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല.
7 : സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും.
8 : മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം.
9 : ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്.
10 ; നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം.
നെഹ്‌റുവിൻ്റെ ത്യാഗപൂർണ്ണമായ ജീവിതത്തെയും, കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം കണ്ട സ്വപ്നങ്ങളെയും അനുസ്മരിച്ചുകൊണ്ട് രാജ്യം ഈ ശിശുദിനം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള ചിന്തകൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു.
















