അബുദാബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം. മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജിയണൽ ഹ്യൂമൻ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) ക്യാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷൂറൻസ് കാർഡ്, എന്നിവയാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിംഗ് വർക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആൻഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.
“കഴിഞ്ഞ 16 വർഷമായി യുഎഇ തൊഴിൽ മേഖലയുടെ ഭാഗമായതിന് രാജ്യം നൽകുന്ന അംഗീകാരമായിട്ടാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്. പുരസ്കാരം നൽകിയതിന് ശേഷം ഷെയ്ഖ് തെയ്യാബ് രാജ്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെക്കുറിച്ച് അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി,” അനസ് പറഞ്ഞു.
16 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരം
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 – ലാണ് യുഎഇയിൽ എത്തുന്നത്. അബുദാബി എൽഎൽഎച്ച് ഡേ കെയർ സെന്ററിൽ എച്ച്ആർ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീടുള്ള 16 വർഷങ്ങളിൽ ആശുപത്രിയുടെ സീനിയർ എച്ച്ആർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജർ, മുസഫ മേഖലയുടെ മാനേജർ, റീജിയണൽ മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവിൽ ബുർജീൽ ഹോൾഡിങ്‌സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപ്പറേഷൻസ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതൽ പ്രവർത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്രക് കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന് സർക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോൾഡൻ വിസയും അനസിന് ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികൾക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവിൽ ബുർജീലിന്റെ തന്ത്രപരമായ അന്താരാഷ്‌ട്ര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ആരോഗ്യ മേഖലയിലെ ദീർഘകാല പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്കാരം.
“നിരവധി വ്യത്യസ്ത പദ്ധതികൾ കൈകാര്യം ചെയ്യാൻ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കർമ്മ മേഖലയിൽ അതെന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയർ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം,” അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്‌സ്, ഹൈസ.
ഹാട്രിക്ക് വിജയം നേടി എൽഎൽഎച്ച് ഹോസ്പിറ്റൽ
വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുർജീൽ ഹോൾഡിങ്സ് തിളങ്ങി. അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബർ മാർക്കറ്റ് അവാർഡിൽ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്.
വിദഗ്ദ്ധ സമിതികൾ പരിശോധിച്ച 18,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്
















