ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ മഹാസഖ്യത്തെക്കാൾ ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ വിജയാഘോഷത്തിലാണ് ബിജെപി. ബിഹാര്‍ പിടിച്ചുവെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗളാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ഗിരിരാജ് സിങിന്റെ വാക്കുകൾ :
‘ഒരു അരാജകത്വ സർക്കാർ വേണ്ടെന്ന് ബിഹാർ തീരുമാനിച്ചിരുന്നു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണ്. ഇത് വികസനത്തിന്റെ വിജയമാണ്. ഞങ്ങൾ ബിഹാർ പിടിച്ചു. ഇനി ബംഗാളിന്റെ ഊഴമാണ്”, കേന്ദ്രമന്ത്രി പറഞ്ഞു. അരാജകത്വത്തിന്റെയോ അഴിമതിയുടെയോ കൊള്ളയുടെയോ ഒരു സർക്കാരിനെ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ ബിഹാറിൽ വ്യക്തമായിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണ്. ഇന്നത്തെ യുവതലമുറ ആ പഴയ കാലം കണ്ടിട്ടില്ലെങ്കിലും, അവരുടെ മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് കുറച്ചുകാലം സർക്കാരിൽ ഉണ്ടായിരുന്നപ്പോൾ പോലും, ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങൾ ആളുകൾ കണ്ടതാണ്.’
അതേസമയം 243 അംഗ ബിഹാർ നിയമസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 122 സീറ്റെന്ന ഭൂരിപക്ഷ കടമ്പ കടന്നിരിക്കുകയാണ്. നിലവിൽ 183 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. തേജസ്വി യാദവിൻ്റെ ആർജെഡി നയിക്കുന്ന പ്രതിപക്ഷമായ മഹാസഖ്യം 55 സീറ്റുകളിൽ മുന്നിലാണ്.
















