Health

കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഭക്ഷണം വാങ്ങല്ലേ! പണി കിട്ടും

കണ്ടെയ്‌നറുകൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവയെല്ലാം ധാരാളമായി ഉപയോഗിക്കുന്നവയാണ്

വിവിധ ഫുഡ് ഡെലിവറി അപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തും ഹോട്ടലുകളിൽ നിന്ന് പാർസൽ  കൊണ്ടുവരുന്നതുമായ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ അപകടകാരികളെന്നാണ് പഠനങ്ങൾ പറയുന്നത്.

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവയെല്ലാം നാം ധാരാളമായി ഉപയോഗിക്കുന്നവയാണ്. എന്നാൽ ടോക്സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ​ഗവേഷകർ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ കറുത്ത പ്ലാസ്റ്റിക് ഉപയോ​ഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങൾ അപകടകാരികളാണെന്ന് പറയുന്നു.

ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇവ കാൻസർ സാധ്യതയ്ക്കും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാമെന്നാണ് പഠനങ്ങളിൽ പറയുന്നത്.
ടെലിവിഷൻ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇങ്ങനെയുള്ള പ്ലാസ്റ്റിക് കണ്ടയ്നറുകൾ ഉണ്ടാക്കുന്നതെന്നും ഈ പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമാകും പ്രധാനമായും ഉണ്ടാകുക. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Latest News