Local Body Election 2025

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ ഇന്ന്: നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്നു 11 മണിമുതല്‍ സമര്‍പ്പിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. 11 മണി മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിര്‍ദ്ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ത്ഥി ബധിര/മൂകനായിരിക്കരുത്.

സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാര്‍ഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി,പട്ടികവര്‍ഗ്ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും,ബ്ളോക്ക് പഞ്ചായത്ത്,മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ 4,000 രൂപയും,ജില്ലാപഞ്ചായത്ത്,കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 5,000 രൂപയുമാണ് നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതിയാകും.

സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത,പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍,സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും,സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക, അയോഗ്യത ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫോറം 2Aയില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയാല്‍ എല്ലാം നിരസിക്കും. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം.

നാമനിര്‍ദ്ദേശ പത്രികയും 2എ ഫാറവും പൂര്‍ണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫാറങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തില്‍ ഒപ്പുവച്ച് പത്രികയോടൊപ്പം സമര്‍പ്പിക്കണം. സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.

CONTENT HIGH LIGHTS;Local body election notification November today: Nominations can be submitted from 11 am today

Latest News