മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘L365’-ൻ്റെ അണിയറ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ‘തുടരും’, ‘എമ്പുരാൻ’ തുടങ്ങിയ വൻ വിജയങ്ങൾക്ക് ശേഷം സൂപ്പർതാരം മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം, ഏറെ നാളുകൾക്ക് ശേഷം അദ്ദേഹത്തെ വീണ്ടും പോലീസ് വേഷത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകുന്നതിനാൽ ആരാധകർക്കിടയിൽ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’-ൻ്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.
‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനും ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്ന ഡാൻ ഓസ്റ്റിൻ തോമസാണ് ഈ വലിയ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ‘അടി’, ‘ഇഷ്‌ക്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രതീഷ് രവി രചിക്കുന്ന മറ്റൊരു ശക്തമായ തിരക്കഥയായിരിക്കും ‘L365’. ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണിത്.
പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളിലൂടെ കഴിവ് തെളിയിച്ച നടൻ ബിനു പപ്പു ‘L365’-ൽ ക്രിയേറ്റീവ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ് എന്നുള്ളതാണ് ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. സിനിമയുടെ മേക്കിംഗിന് കൂടുതൽ കരുത്തുപകരുന്ന ഒരു നീക്കമാണിത്. ബിനു പപ്പുവിൻ്റെ ക്രിയാത്മകമായ ഇടപെടൽ ചിത്രത്തിൻ്റെ നിലവാരം ഉയർത്തുമെന്നാണ് പ്രതീക്ഷ.
‘L365’ൻ്റെ റിലീസായ പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു വാഷ് ബേസിൻ്റെ കണ്ണാടിയിൽ ‘L365’ എന്ന പേരും അണിയറപ്രവർത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. എന്നാൽ, സമീപത്ത് തൂക്കിയിട്ടിരിക്കുന്ന പോലീസ് ഷർട്ട് ആണ് മോഹൻലാലിൻ്റെ ലുക്കിനെക്കുറിച്ച് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നത്. മോഹൻലാൽ തൻ്റെ മാസ്മരിക പ്രകടനത്തോടെ സ്‌റ്റൈലിഷ് കാക്കി കുപ്പായത്തിൽ വീണ്ടും എത്തുമോ എന്ന ആകാംഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമ്മാണ സംഘം അറിയിച്ചിട്ടുണ്ട്.
















