മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടറായ എ.കെ. ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമായി മാറി. കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ, ഭിന്നശേഷിക്കാരായ ഒരു യുവമിഥുനത്തിന്റെ വിവാഹം നടത്തിക്കൊടുത്തും, നിർധന കുടുംബങ്ങൾക്ക് സഹായം എത്തിച്ചുമാണ് ഫൈസൽ മാതൃകയായത്.
ഗൃഹപ്രവേശ ചടങ്ങുകൾക്കൊപ്പമാണ് കണ്ണൂർ സ്വദേശികളായ അൻസീറിന്റെയും നസീമയുടെയും വിവാഹം ഫൈസൽ പിതാവിന്റെ സ്ഥാനത്തുനിന്ന് ഏറ്റെടുത്ത് നടത്തിയത്. “ഒരിക്കൽ നമ്മൾ ഇവിടെനിന്ന് പോകും. പിന്നെ ശേഷിക്കുന്നത് ഈ സ്നേഹം മാത്രമല്ലേ. ഇതിനെക്കാൾ കൂടുതൽ സന്തോഷമുള്ള വേറെ നിമിഷമില്ല. എന്റെ മക്കളുടെ കല്യാണത്തെക്കാൾ സന്തോഷമുണ്ട്” എന്ന് ഫൈസൽ ഈ വേളയിൽ പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കറായ നസീമയും ദുബായിൽ റെസ്റ്റോറന്റ് ജീവനക്കാരനായ അൻസീറും ഈ സ്നേഹത്തെ നിറഞ്ഞ സന്തോഷത്തോടെയാണ് വരവേറ്റത്. പാണക്കാട് മുനവ്വറലി തങ്ങളാണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്.
ഗൃഹപ്രവേശം തനിക്ക് മാത്രമല്ല, ചുറ്റുമുള്ളവർക്കും തണലും തണുപ്പുമാകണം എന്ന ഫൈസലിന്റെ ചിന്തയാണ് ചടങ്ങിനെ അവിസ്മരണീയമാക്കിയത്. ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള റോഷി സ്പെഷ്യൽ സ്കൂളിലെ 10 പേരുടെ കുടുംബത്തെ അദ്ദേഹം ഏറ്റെടുത്തു. കൂടാതെ, ഓട്ടോറിക്ഷ മേൽക്കൂരയാക്കി താമസിച്ചിരുന്ന വി. അനിൽകുമാർ-രമ്യ ദമ്പതികൾക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകാനുള്ള രേഖകളും ചടങ്ങിൽ കൈമാറി. വീട് നിർമ്മാണം പൂർത്തിയാകും വരെ ഇവർക്ക് താമസിക്കാൻ മുണ്ടിക്കൽത്താഴത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തും നൽകിയിട്ടുണ്ട്. ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് എല്ലാ വർഷവും നൽകിവരുന്ന പത്തുലക്ഷം രൂപയുടെ വാർഷിക ചെക്ക് ഡോ. യഹ്യ ഖാന് കൈമാറുകയും ചെയ്തു. ഈ കാരുണ്യപരമായ മുഹൂർത്തത്തിന് മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ആശംസകൾ നേരാനായി എത്തിച്ചേർന്നിരുന്നു.
















