Kerala

പാലത്തായി പീഡനക്കേസ്‌: ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, വിധി നാളെ

പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക.

ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം, വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. സ്കൂളിലെ ഒമ്പത് വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.

2021ൽ ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ എന്നിവരുൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.