വടശേരിക്കര: 13 ദിവസത്തെ ഇടവേളയ്ക്കു ശേഷം കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിൽ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശംവീണ്ടും ഭീതിയിലായി. ഫാമിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
ഫാമിനു സമീപമുള്ള കാട്ടുഭാഗത്ത് അസാധാരണമായ ചലനശബ്ദം കേട്ടതിനെ തുടർന്ന് തൊഴിലാളികൾ പുറത്തേക്കെത്തി. അപ്പോൾ ഫാമിന്റെ ദിശയിലേക്ക് നേരേ കണ്ണൂർപ്പിച്ച് നിൽക്കുന്ന കടുവയെ കണ്ടതോടെ പ്രധാന തൊഴിലാളി രക്ഷപ്പെടാൻ ശ്രമിക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കാനായി ഓടുകയും ചെയ്തു. മറ്റുള്ളവരെത്തി പരിശോധിക്കുമ്പോഴേക്കും കടുവ വീണ്ടും കാട്ടിനുള്ളിലേക്ക് മറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 27നാണ് ഈ പ്രദേശത്ത് ആദ്യം കടുവയെ സ്ഥിരീകരിച്ചത്. അന്ന് മേയാൻ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. പിന്നാലെ ഫാമിൽ സ്ഥാപിച്ച ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിലൂടെ കടുവയുടെ സാന്നിധ്യം വ്യക്തമായിരുന്നു. പിന്നീട് കുടു വച്ച് പോത്തിന്റെ മാംസം വച്ചിരുന്നു, ഈ മാസം ഒന്നിനു രാത്രി കടുവ കുടിനു ചുറ്റും നടന്നുവെങ്കിലും കുടിനുള്ളിലേക്ക് കയറാൻ മടിച്ചിരുന്നു.
അതിനുശേഷം കടുവയുടെ സാന്നിധ്യം കുറയുകയും, ബഥനി പുതുവറിൽ പശുവിനെ പിടിച്ചത് ഇതേ കടുവയാണെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും ആരും കാണാത്തതിനാൽ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ വൈകീട്ടുണ്ടായ കണ്ടത്തലോടെ കടുവ വീണ്ടും പ്രദേശത്ത് സജീവമാണെന്ന് ഫാം അധികൃതരും നാട്ടുകാരും പറയുന്നു.
















