ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിൻറെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു
രാജ്യത്തിനും ഒരു സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂർ. വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടായിരുന്നെങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നതെന്നും ഹസ്സൻ വിമർശിച്ചു.
നെഹ്റുവിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം. ജി സുധാകരനാണ് അവാർഡ് നൽകുന്നത്.
ജി സുധാകരനെ പുകഴ്ത്തി എം എം ഹസ്സൻ രംഗത്തെത്തി. നെഹ്റുവിയിൻ ആശയങ്ങൾ ജീവിതത്തിലും രാഷ്ട്രീയത്തിലും പകർത്തിയ വ്യക്തിയാണ് സുധാകരൻ. അഴിമതി നടന്നിരുന്ന വകുപ്പിൻ്റെ മന്ത്രിയായി. പക്ഷേ നല്ല പ്രവർത്തനം കാരണം ജി സുധാകരനെതിരെ ഒരു ആരോപണവും ഉണ്ടായില്ല. പാർട്ടിക്കുള്ളിലെ അപചയം ഇപ്പോൾ സുധാകരൻ ചോദ്യം ചെയ്യുന്നു. അത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും ഹസ്സൻ വ്യക്തമാക്കി.
















