സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തരൂർ പറഞ്ഞു. തൻ്റെ പരാമർശങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപരമായ ക്രമീകരണങ്ങള്‍ കുറച്ചധികം ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്. വാസ്തവത്തില്‍ അടുത്തിടെ ഇടതുപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിനെ പോലുള്ളവരുടെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി കേന്ദ്രീകൃതമായിരുന്നു. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ കടം കൊണ്ടിരുന്നു- ശശി തരൂര്‍ പറഞ്ഞു.
1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാബല്യത്തില്‍ വരുത്തിയ ചില നയങ്ങള്‍ ഓര്‍മിപ്പിച്ച ശശി തരൂര്‍ ഇവ പിന്നീട് അധികാരത്തില്‍ വന്ന ബിജെപിയും പിന്തുടര്‍ന്നിരുന്നുവെന്ന് പറഞ്ഞു. 1991 മുതല്‍ 2009 വരെ ഒരു കേന്ദ്രീകൃത സമീപനമുണ്ടായിരുന്നുവെന്ന് വാദിക്കാമെന്നും പിന്നീടത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് കുറച്ച് കൂടി ഇടതുപക്ഷമായി മാറിയിരിക്കുകയാണ്. ഇത് തന്ത്രപ്രരമായ ക്രമീകരണമാണോ തത്വചിന്താപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് കാണാം- ശശി തരൂര്‍ പറഞ്ഞു.
ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒരുമിച്ച് വരുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രയോഗമാണോയെന്ന ചോദ്യത്തിന് മറുപടിയായാണ് ശശി തരൂരിന്റെ പരാമര്‍ശം.
















