കുമ്പളം: തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായുള്ള ഭൂനിരപ്പാക്കൽ പ്രവർത്തനത്തിന് കുമ്പളത്ത് ചതുപ്പുനിലം കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തുന്നതായി പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തി. ടൺ കണക്കിന് പൊടിഞ്ഞ് നശിക്കുന്ന ചുടുകട്ട, ചുവരിന്റെ അവശിഷ്ടങ്ങൾ എന്നിവയാണ് തള്ളിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
നിർമാണത്തിന് ആവശ്യമായ ശക്തിയും ദീർഘകാല സ്ഥിരതയും ഉറപ്പാക്കേണ്ട മേഖലയിലാണ് ഇത്തരം മാലിന്യങ്ങൾ ഉപയോഗിക്കുന്നത്. ഭാവിയിൽ ട്രാക്കിന്റെ സ്ഥിരതയും സുരക്ഷയും തകരാൻ ഇടവരുന്ന ഈ നടപടിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുമ്പളം പൗരസമിതി രംഗത്തെത്തിയത്.
യഥാസ്ഥാനത്ത് ചെമ്മണ്ണ് പോലെയുള്ള ഉറച്ച നിർമാണ വസ്തുക്കൾ ഉപയോഗിച്ചാണ് പാത നിർമിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് പൗരസമിതി കൺവീനർ ബിനീഷ് സേവ്യർ റെയിൽവേ അധികാരികൾക്ക് ഔദ്യോഗിക നിവേദനം സമർപ്പിച്ചു. മാലിന്യ നിക്ഷേപം ഉടൻ നിർത്തുകയും നിലവാരമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിന് നിർദ്ദേശം നൽകുകയും വേണമെന്നാവശ്യമാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.
















